സ്കൂളുകളിൽ ലഹരിക്കെതിരേ ബോധവത്കരണം ഉടനെന്ന് മന്ത്രി
Wednesday, January 22, 2025 2:36 AM IST
തിരുവനന്തപുരം: സ്കൂളുകളിൽ മാസത്തിൽ ഒരു പീരിയഡ് ലഹരി-മാലിന്യ നിർമാർജനം, കുട്ടികൾക്ക് എതിരായ അതിക്രമം തുടങ്ങിയ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ക്ലാസെടുക്കുന്നതിനായി നീക്കിവയ്ക്കുന്നത് പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.
ലഹരി അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ മാസത്തിലൊരു സ്പെഷൽ അസംബ്ലി ചേരാൻ നിർദേശിക്കും.
നിരന്തര മൂല്യനിർണയത്തിന് അധ്യാപകർ നൽകുന്ന 20 മാർക്കിൽ, ലഹരി നിർമാർജനം പോലുള്ള സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന വിദ്യാർഥികൾക്കു മുൻഗണന നൽകും.
ഈ അക്കാഡമിക് വർഷം പരിഷ്കരിക്കുന്ന പാഠപുസ്തങ്ങളിൽ ലഹരി ബോധവത്കരണം ഉൾപ്പെടുത്തുമെന്നും അൻവർ സാദത്തിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.