കൂത്താട്ടുകുളത്തെ വെട്ടാൻ വയനാട്
Wednesday, January 22, 2025 2:35 AM IST
സാബു ജോണ്‍
തിരുവനന്തപുരം: സിപിഎമ്മുകാരുടെ മർദനമേറ്റ കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലർ കല രാജീവിന്റെ ദുരനുഭവത്തിൽ നിന്നായിരുന്നു പ്രതിപക്ഷത്തിന്റെ തുടക്കം. വയനാട്ടിൽ കോണ്‍ഗ്രസ് നേതാവ് എൻ.എം. വിജയന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങൾ വിവരിച്ചു കൊണ്ടു ഭരണപക്ഷം മറുപടി നൽകി.
കോണ്‍ഗ്രസുകാർ നടത്തിയ കൊടുംചതിയുടെ കഥ വികാരനിർഭരമായി ഭരണപക്ഷത്തെ അംഗങ്ങളെല്ലാം വിവരിച്ചപ്പോൾ കേട്ടിരുന്ന കോണ്‍ഗ്രസുകാരുടെ പോലും കണ്ണു നിറഞ്ഞിട്ടുണ്ടാകണം. നിയമസഭയിൽ വന്നിരിക്കുന്ന ഐ.സി. ബാലകൃഷ്ണന്റെ തൊലിക്കട്ടി അപാരമെന്നു വരെ പി.പി. ചിത്തരഞ്ജൻ പറഞ്ഞു വച്ചു.
നന്ദിപ്രമേയം അവതരിപ്പിച്ച എൽഡിഎഫ് കണ്‍വീനർ കൂടിയായ ടി.പി. രാമകൃഷ്ണനും ചർച്ച തുടങ്ങി വച്ച എ.സി. മൊയ്തീനും കോണ്‍ഗ്രസിന്റെ മതതീവ്രവാദക്കാരുമായുള്ള കൂട്ടുകെട്ടിനേക്കുറിച്ചു വാചാലരായി. ബിജെപിയുമായുണ്ടാക്കിയ പഴയകാല കൂട്ടുകെട്ടിനേക്കുറിച്ചു പറഞ്ഞെങ്കിലും ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയുമായുള്ള ബന്ധത്തേക്കുറിച്ചു പറയുന്നതിനായിരുന്നു ഉൗന്നൽ.
മൊയ്തീനും രാമകൃഷ്ണനും പറയുന്പോൾ എല്ലാം പറയുന്നില്ലെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പരാതി. വയനാട്ടിലെ ബാങ്കിനേക്കുറിച്ചു പറയും. കട്ടപ്പനയിൽ ബാങ്കിനു മുന്നിൽ ഒരു സാധു മരിച്ചതിനേക്കുറിച്ചു മൗനം പാലിക്കും. എ.സി. മൊയ്തീൻ കരുവന്നൂരിനേക്കുറിച്ച് ഒരു വാക്കു പറയാത്തതിലും തിരുവഞ്ചൂരിനു പരാതിയുണ്ട്.
എ. വിജയരാഘവൻ വയനാട്ടിലെ പ്രിയങ്കഗാന്ധിയുടെ വിജയത്തേക്കുറിച്ചു നടത്തിയ പരാമർശത്തിൽ പിടിച്ചായിരുന്നു എൻ. ഷംസുദ്ദീന്റെ പ്രത്യാക്രമണം. വയനാട്ടിൽ നിങ്ങളുടെ വോട്ടും പ്രിയങ്കയ്ക്കു ലഭിച്ചു. വയനാട്ടുകാർ കാട്ടിയതു രാഷ്ട്രീയ വിവേകമാണ്. നീലപ്പെട്ടി വിവാദം എടുത്തിട്ട ഷംസുദ്ദീൻ, വെളിവുള്ളവർക്ക് സിപിഎമ്മിൽ സ്ഥാനമില്ലെന്ന നിരീക്ഷണവും നടത്തി.നീലട്രോളി ചർച്ചയാക്കേണ്ടെന്നു പറഞ്ഞ എൻ.എൻ. കൃഷ്ണദാസിനെ ശാസിച്ചതു ചൂണ്ടിക്കാട്ടിയായിരുന്നു ഷംസുദ്ദീന്റെ പരാമർശം.
പുതിയ ഗവർണർ നയപ്രഖ്യാപന പ്രസംഗം മുഴുവൻ വായിച്ചു സഹായിച്ചതിൽ ജോബ് മൈക്കിൾ ആഹ്ലാദം പ്രകടിപ്പിച്ചു. കാതു കുത്തിയവൻ പോയപ്പോൾ കടുക്കനിട്ടവനാണു വന്നിരിക്കുന്നതെന്നു തിരുവഞ്ചൂർ രാധാകൃഷ്ണൻ മുന്നറിയിപ്പു നൽകി. അട്ടയെ പിടിച്ചു കുളിപ്പിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലെന്ന ചൊല്ലാണ് എൻ.എ. നെല്ലിക്കുന്ന് ഉദ്ധരിച്ചത്. ഗാന്ധിജി സത്യഗ്രഹം നടത്തിയിട്ടല്ല ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതെന്നു ബീഹാർ ഗവർണറായിരുന്നപ്പോൾ പ്രസംഗിച്ചയാളാണ് കേരളത്തിലെത്തിയിരിക്കുന്ന ഗവർണർ എന്നു നെല്ലിക്കുന്നു പറഞ്ഞു.
ബിജെപിക്ക് പ്രത്യയശാസ്ത്രപരമായ അടിത്തറ ഒരുക്കിക്കൊടുക്കുകയാണു സിപിഎം എന്നു ടി. സിദ്ദിഖ് പറഞ്ഞു. എ. വിജയരാഘവന്റെ പ്രസ്താവനയാണ് ഉദാഹരണം. അതിനു പിന്നാലെ മഹാരാഷ്ട്രയിലെ മന്ത്രി നിതേഷ് റാണ കേരളത്തെ മിനി പാക്കിസ്ഥാൻ എന്നു വിശേഷിപ്പിച്ചതും സിദ്ദിഖ് ഉദാഹരണമായി പറഞ്ഞു. വിജയരാഘവൻ തുടങ്ങിവച്ചത് നിതീഷ് റാണ പൂർത്തിയാക്കിയെന്നു വ്യംഗ്യം. വയനാടിന് സഹായം നൽകാൻ വിസമ്മതിച്ച കേന്ദ്രത്തിനെതിരെ നയപ്രഖ്യാപനത്തിൽ ഒരക്ഷരം പറയാത്തത് ബിജെപി പ്രീണനത്തിന്റെ ഭാഗമാണത്രെ.
പാലക്കാട്ട് ബ്രൂവറി തുടങ്ങുന്നതിന് അനുമതി കൊടുത്തതിനെതിരായ യുഡിഎഫ് പ്രതിഷേധത്തിന്റെ യഥാർഥ കാരണം പി.പി. ചിത്തരഞ്ജൻ ചികഞ്ഞെടുത്തു. കർണാടകത്തിലെ മലയാളി കോണ്‍ഗ്രസ് നേതാക്കളുടെ ഡിസ്റ്റിലറികൾക്കു കച്ചവടം കുറയുമെന്നു ഭയന്നാണത്രെ ഇവിടത്തെ കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. ഏതായാലും ഇനി കർണാടകത്തിൽ നിന്നു കേരളത്തിലെ കെപിസിസിക്കുള്ള പണം വരവു കുറയുമെന്ന കാര്യത്തിൽ ചിത്തരഞ്ജനു സംശയമില്ല.
കേരളത്തിൽ ഭരണമാറ്റമുണ്ടാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെക്കുറിച്ചു ചർച്ചയുണ്ടാകുന്നതെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. പിണറായി വിജയൻ കേരളത്തിലെ അവസാനത്തെ സിപിഎം മുഖ്യമന്ത്രി ആകുമെന്ന കാര്യത്തിലും ഇപ്പോൾ ആർക്കും സംശയമില്ലെന്ന് വിഷ്ണുനാഥ് പറഞ്ഞു. മുനന്പത്ത് കാലതാമസമുണ്ടാക്കി അനിശ്ചിതത്വമുണ്ടാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്ന് മോൻസ് ജോസഫ് കുറ്റപ്പെടുത്തി.
അടിയന്തരപ്രമേയ നോട്ടീസ് തള്ളിയതിനെ തുടർന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ പതിവു പോലെ ഭരണപക്ഷം തടസപ്പെടുത്തി. ഇതുപലപ്പോഴും ബഹളത്തിലാണു കലാശിച്ചത്.
ഒടുവിൽ സതീശനു നിയന്ത്രണം തെറ്റി. ഭരണപക്ഷത്തെ നിയന്ത്രിക്കാൻ തനിക്കു പറ്റുന്നില്ലെന്നു സ്പീക്കർ എ.എൻ. ഷംസീർ പറഞ്ഞത് പിന്നീട് അദ്ദേഹത്തിനെതിരെ ആയുധമാക്കുന്നതും കണ്ടു.