മുനമ്പം ജനതയോടുള്ള അനീതി ഭരണവൈകല്യം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
Wednesday, January 22, 2025 2:35 AM IST
കൊച്ചി: സ്വന്തം മണ്ണില്‍ അന്യരെപ്പോലെ ജീവിക്കേണ്ടിവരുന്ന മുനമ്പം ജനതയോട് നീതി കാണിക്കാത്ത ഭരണവൈകല്യം ജനാധിപത്യ വ്യവസ്ഥിതിക്ക് അപമാനകരമാണെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍. മുനമ്പം ഭൂസമരത്തിന്റെ നൂറാം ദിവസത്തിൽ സമരപ്പന്തലിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തിന്റേത് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല. ജനകീയ വിഷയമാണ്. മുനമ്പത്തെ ജനങ്ങളെ മുഴുവന്‍ ബാധിക്കുന്ന പ്രശ്നം.
വഖഫ് ഭൂമിയെന്ന അവകാശവാദം വിലപ്പോകില്ല. സര്‍ക്കാരാണ് ഈ പ്രശ്നത്തിന് പരിഹാരം കാണേണ്ടത്. ജുഡീഷൽ കമ്മീഷനെ വച്ച് മൂന്നു മാസം സര്‍ക്കാര്‍ ഒളിച്ചോട്ടം നടത്തിയാല്‍ പ്രശ്നം തണുക്കുകയില്ല.
കമ്മീഷന് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അടിയന്തര നടപടികളിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ലെങ്കില്‍ വിഷയം വ്യാപകമായി ഏറ്റെടുക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.