കാട്ടുപന്നികളെ കൊല്ലാനുള്ള സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി
Wednesday, January 22, 2025 2:35 AM IST
കൊച്ചി: ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാന്‍ തദ്ദേശ സ്ഥാപന മേധാവികളെ അധികാരപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി.
സര്‍ക്കാര്‍ ഉത്തരവ് വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്ന് സംശയമുണ്ടെന്നതടക്കം വിലയിരുത്തിയാണ് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നി വരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
മറ്റു വന്യജീവികളും ജനവാസ കേന്ദ്രങ്ങളില്‍ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ വ്യക്തവും സമഗ്രമായ നയം രൂപീകരിക്കുന്നതാണ് ഉചിതമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കടക്കം ഓണററി വൈല്‍ഡ് ലൈഫ് വാര്ഡന് എന്ന ചുമതല നല്‍കിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകരായ എം.എന്‍. ജയചന്ദ്രന്, പ്രീതി ശ്രീവല്സന് എന്നിവര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
മനുഷ്യജീവനും കൃഷിക്കും ഭീഷണിയാകുന്ന കാട്ടുപന്നികളുടെ എണ്ണം പെരുകാതെ നിയന്ത്രിക്കേണ്ടതാണെങ്കിലും തോക്ക് ലൈസന്‍സുള്ള ചിലരെ തദ്ദേശ സ്ഥാപന മേധാവികള്‍ ഇതിനായി നിയോഗിക്കുന്ന രീതിയാണ് നിലവില്‍. ഈ ചുമതതല ദുരുപയോഗപ്പെടുത്താനും തോക്കുകള്‍ നിയമവരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനും സാധ്യതയുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി.