സിഎജി റിപ്പോർട്ടിലൂടെ തകർന്നുവീണത് സർക്കാർ കെട്ടിപ്പൊക്കിയ പി.ആർ. ഇമേജ്: വി.ഡി. സതീശൻ
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: കോവിഡ് കാലത്തെ അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് സിഎജി റിപ്പോർട്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. പി.ആർ. ഏജൻസികളുടെ അജണ്ടകളിലൂടെയാണ് സർക്കാർ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയത്. ഇപ്പോൾ പുറത്തു വന്ന സിഎജി റിപ്പോർട്ട് പി.ആർ. ഇമേജിനെ തകർക്കുന്നതാണ്.
മുഖ്യമന്ത്രിയുടെയും മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നിൽക്കുന്പോഴാണ് ഒന്നാം പിണറായി സർക്കാർ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവൻ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവർണാവസരമായി സർക്കാർ കോവിഡ് മഹാമാരിയെ കണ്ടു.
ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. മഹാരാഷ്ട്ര ആസ്ഥാനമായി പ്രവർത്തിക്കുന്ന സാൻ ഫാർമയിൽ നിന്നും മൂന്നിരട്ടി വിലയ്ക്ക് പി.പി.ഇ. കിറ്റ് വാങ്ങിയതിൽ വൻഅഴിമതി നടന്നിട്ടുണ്ടെന്നതും സിഎജി റിപ്പോർട്ട് അടിവരയിടുന്നു.
മൂന്നു കന്പനികൾ 500 രൂപയിൽ താഴെ പിപിഇ കിറ്റുകൾ നൽകിയ അതേ ദിവസമാണ് സാൻ ഫാർമയിൽനിന്ന് 1550 രൂപയ്ക്ക് വാങ്ങാൻ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ അനുവാദത്തോടെയായിരുന്നു ഈ കരാറെന്ന് മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. അനിത ടെസ്റ്റിക്കോട്ട് എന്ന സ്ഥാപനത്തിന് 550 രൂപയ്ക്ക് നൽകിയ കരാർ റദ്ദാക്കിയാണ് 1550 രൂപയ്ക്ക് കരാർ നൽകിയതെന്ന ഞെട്ടിപ്പിക്കുന്ന വിവരവും സിഎജി റിപ്പോർട്ടിലുണ്ട്.
നിയമ വിരുദ്ധമായി സാൻ ഫാർമയ്ക്ക് നൂറു ശതമാനം അഡ്വാൻസ് നൽകിയെന്ന പ്രതിപക്ഷ ആരോപണവും റിപ്പോർട്ട് ശരിവയ്ക്കുന്നു.
സിഎജി ശരിവച്ചിരിക്കുന്ന ഈ അഴിമതിക്കെതിരേ നൽകിയ കേസ് ഇപ്പോഴും ലോകായുക്തയുടെ പരിഗണനയിലാണ്. പ്രതിപക്ഷത്തിന്റെ നിയമ പോരാട്ടം തുടരുമെന്നും സതീശൻ വ്യക്തമാക്കി.