മാര്‍ഗനിര്‍ദേശം ലംഘിച്ച് ആന എഴുന്നള്ളിപ്പ്: ദേവസ്വം ഓഫീസര്‍ നിരുപാധികം മാപ്പപേക്ഷിക്കണമെന്ന് ഹൈക്കോടതി
Wednesday, January 22, 2025 2:35 AM IST
കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ മാര്‍ഗനിര്‍ദേശം ലംഘിച്ച് ആനകളെ എഴുന്നള്ളിച്ചതിന് ദേവസ്വം ഓഫീസര്‍ രഘുരാമന്റെ രണ്ടാമത്തെ മാപ്പപേക്ഷയും ഹൈക്കോടതി തള്ളി.
നിരുപാധികം മാപ്പപേക്ഷിച്ച് രണ്ടാഴ്ചയ്ക്കകം പുതിയ സത്യവാങ്മൂലം നല്കാന് ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
രണ്ട് മാപ്പപേക്ഷയിലും രഘുരാമന് തന്റെ വീഴ്ചകള്‍ സമ്മതിച്ചിട്ടില്ലെന്ന് കോടതി പറഞ്ഞു. വിശ്വാസികളുടെ സമ്മർദവും അപ്രതീക്ഷിതമായി പെയ്ത മഴയുമടക്കമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. വിശദീകരണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
പൊന്നാടയെ ന്യായീകരിക്കുന്നില്ലെന്ന് രഘുരാമന്റെ അഭിഭാഷകന് ബോധിപ്പിച്ചു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ച് നടപടിയെടുക്കുകയാണ് അടുത്ത ഘട്ടമെന്നും എന്നാല്‍ പുതിയ അഭിഭാഷകന് ഹാജരായതിനാല്‍ ഒരവസരം കൂടി നല്‍കുകയാണെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.