ബ്രൂവറി വിവാദം രാഷ്ട്രീയ ദുഷ്ടലാക്ക്: എം.വി. ഗോവിന്ദൻ
Wednesday, January 22, 2025 2:35 AM IST
പാലക്കാട്: കഞ്ചിക്കോട് ബ്രൂവറിക്ക് അനുമതി നൽകിയതു വിവാദമാക്കിയതു രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്നു സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ. ഇതിനുപിന്നിൽ സ്പിരിറ്റ് ഉത്പാദിപ്പിച്ചു കേരളത്തിലേക്കു കടത്തിക്കൊണ്ടുവരുന്ന സ്പിരിറ്റ് ലോബി ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
സർക്കാർ അംഗീകരിച്ച മദ്യനയത്തിൽ പറയുന്നതു കേരളത്തിനുവേണ്ട ഇന്ത്യൻ വിദേശമദ്യം, ബിയർ എന്നിവയെല്ലാം ഇവിടെത്തന്നെ ഉത്പാദിപ്പിക്കുമെന്നാണ്. അതിലെന്താണ് എതിർപ്പ്? ഇതു 2023ലും 2024ലും വ്യക്തമാക്കിയിട്ടുള്ള സർക്കാർ നിലപാടാണെന്നും ഗോവിന്ദൻ പറഞ്ഞു.
സ്പിരിറ്റ് കൊണ്ടുവരാൻവേണ്ടി മാത്രം സംസ്ഥാനം 100 കോടി രൂപ ചെലവഴിക്കുന്നുണ്ട്. അത് ഇവിടെത്തന്നെ ഉത്പാദിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. പദ്ധതിയിലൂടെ 650 പേർക്കു ജോലികിട്ടുമെന്നും രണ്ടായിരത്തോളംപേർക്ക് ജോലിസാധ്യതയുണ്ടെന്നും ഗോവിന്ദൻ അവകാശപ്പെട്ടു.
സ്പിരിറ്റ് ഉത്പാദിപ്പിച്ചാലും സർക്കാരിന്റെ ബിവറേജസ് കോർപറേഷൻവഴിയല്ലേ മദ്യം വിൽക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
വെറുതേ സമരം നടത്തുമെന്നു പറഞ്ഞിട്ടു കാര്യമില്ല. കേരളത്തിൽ സർക്കാർ അംഗീകാരത്തിൽ പ്രവർത്തിക്കുന്ന എട്ടു ഡിസ്റ്റിലറികളും 10 ബ്ലെൻഡിംഗ് യൂണിറ്റുകളും ഉണ്ട്. ഇവയെല്ലാം യുഡിഎഫിന്റെയും എൽഡിഎഫിന്റെയും കാലത്തു സ്ഥാപിച്ചതാണ്. ഇതൊന്നും ടെൻഡർ കൊടുത്തു സ്ഥാപിച്ചതല്ല.
സ്ഥലവും പ്രോജക്ട് മുഴുവനും സർക്കാരിനു സമർപ്പിച്ച് നിയമങ്ങൾ അനുസരിച്ചു പ്രവർത്തിക്കാമെന്നു സർക്കാരിനെ അറിയിച്ചത് ഒയാസിസ് ആണ്. ഓരോ സീസണിലും അഞ്ചേക്കറിൽ പത്തുകോടി ലിറ്റർ മഴവെള്ളം സംഭരിക്കാനാകും. മലന്പുഴ ഡാമിലെ വെള്ളം ഉപയോഗിക്കുമെന്നു വെറുതെ പറയുന്നതാണെന്നും സിപിഎം സെക്രട്ടറി പറഞ്ഞു.