യുജിസി കരട് മാർഗനിർദേശങ്ങൾ: അഖിലേന്ത്യാതലത്തിൽ പ്രതിഷേധിക്കും
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: യുജിസിയുടെ പുതിയ കരട് മാർഗനിർദേശങ്ങളോട് എതിർപ്പുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ കൂട്ടായ്മ രൂപീകരിക്കാൻ കേരളം മുൻകൈയെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു.
ഇതിനായി പ്രതിപക്ഷ ഭരണം നിലവിലുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കാനും ധാരണയായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഫെഡറൽ തത്വങ്ങൾ അട്ടിമറിച്ച്, സംസ്ഥാന സർവകലാശാലകളുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ അവകാശങ്ങൾ പരിപൂർണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് യുജിസി പ്രസിദ്ധീകരിച്ച കരട് ചട്ടങ്ങളെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കരട് ചട്ടങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശപ്രകാരം മുൻ സംസ്ഥാന ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ പ്രഫ. പ്രഭാത് പട്നായികിന്റെ അധ്യക്ഷതയിൽ മൂന്നംഗ സമിതിക്ക് ഉന്നതവിദ്യാഭ്യാസ കൗണ്‍സിൽ രൂപം നൽകിയിട്ടുണ്ട്.
പണം മുടക്കാൻ സംസ്ഥാനങ്ങളും വിളവെടുക്കാൻ സംഘപരിവാറും എന്നതിലെ അധികാരം കവരലും മറ്റു ദുരുദ്ദേശ്യങ്ങളും പരമാവധി ഫോറങ്ങളിൽ ജനശ്രദ്ധയിൽ കൊണ്ടുവരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചെന്നും മന്ത്രി വ്യക്തമാക്കി.