മുനന്പം: രാഷ്ട്രീയ പാർട്ടികൾക്കും എംപിമാർക്കും കത്തയയ്ക്കാൻ ഭൂസംരക്ഷണ സമിതി
Wednesday, January 22, 2025 2:35 AM IST
കൊച്ചി: നിലവിലുള്ള വഖഫ് നിയമത്തിലെ വിവിധ വകുപ്പുകളിൽ ഭരണഘടനയ്ക്കും മതേതരത്വത്തിനും ജനാധിപത്യത്തിനും നിരക്കുന്ന തരത്തിലുള്ള ഭേദഗതികൾ വരുത്തണമെന്നാവശ്യപ്പെട്ടു മുനന്പം ഭൂസംരക്ഷണ സമിതി റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും കേരളത്തിൽ നിന്നുള്ള എംപിമാർക്കും കത്തയയ്ക്കും.
മുനന്പത്തെ ഭൂമിയിലെ തെറ്റായ വഖഫ് അവകാശവാദം പിൻവലിച്ച് പ്രദേശവാസികളുടെ റവന്യൂ അവകാശങ്ങൾ വേഗത്തിൽ പുനഃസ്ഥാപിക്കാൻ നടപടിയുണ്ടാകണമെന്നും കത്തിൽ ആവശ്യപ്പെടും.
കഴിഞ്ഞ മൂന്നു വർഷങ്ങളായി വഖഫ് ബോർഡിന്റെ ഇരകളായി മുനമ്പത്ത് റവന്യൂ തടങ്കലിൽ ആയിരിക്കുന്ന തങ്ങളുടെ പൗരാവകാശങ്ങൾക്കു വേണ്ടിയുള്ള റിലേ നിരാഹാര സമരം നൂറുദിവസം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു രാഷ്ട്രീയപ്പാർട്ടികൾക്കും ജനപ്രതിനിധികൾക്കും കത്തയയ്ക്കുന്നതെന്നു സമിതി ചെയർമാൻ സെബാസ്റ്റ്യൻ റോക്കി, കൺവീനർ ജോസഫ് ബെന്നി, റവ. ഡോ. ജോഷി മയ്യാറ്റിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
നിലവിലുള്ള വഖഫ് നിയമത്തിലെ 3, 36, 40, 52, 83, 84, 107, 108 എന്നീ സെക്ഷനുകളിൽ ഭേദഗതികൾ വരുത്തണം എന്നാണ് കത്തിലെ പ്രധാന ഉള്ളടക്കം. തെറ്റായ അവകാശവാദങ്ങൾക്കും അധിനിവേശങ്ങൾക്കും പഴുതിട്ട് നിർമിച്ചിട്ടുള്ള വഖഫ് നിയമം ഭേദഗതി ചെയ്ത് ഭരണഘടനയും ഇന്ത്യൻ മതേതരത്വവും സംരക്ഷിക്കണം.
സെൻട്രൽ വഖഫ് കൗൺസിലിനു കീഴിലുള്ള വഖഫ് അസെറ്റ് മാനേജുമെന്റ് സിസ്റ്റം ഓഫ് ഇന്ത്യയുടെ പോർട്ടലിൽ കേരളത്തിലുള്ള 53,297 സ്ഥലങ്ങളിൽ വഖഫ് അവകാശവാദമുള്ളതായി കാണുന്നുണ്ട്. അതിൽ 1186 സ്ഥലങ്ങളെക്കുറിച്ചു മാത്രമേ തത്സ്ഥിതി വിവരങ്ങൾ ലഭ്യമായുള്ളൂ. ബാക്കിയുള്ള 52,111 സ്ഥലങ്ങളെക്കുറിച്ച് അവിടത്തെ ജനങ്ങൾ ആശങ്കയിൽ കഴിയേണ്ട അവസ്ഥ ഇന്നുണ്ട്. ആ ആശങ്ക നീക്കാനുള്ള ബാധ്യത കേരള വഖഫ് ബോർഡിനുണ്ടെന്നും ഭൂസംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.