പ്രതിപക്ഷ നേതാവും സ്പീക്കറും പരസ്പരം കൊന്പുകോർത്തു
Wednesday, January 22, 2025 2:35 AM IST
തിരുവനന്തപുരം: കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം പ്രതിനിധിയായ വനിത കൗണ്സിലറെ സിപിഎം പ്രാദേശിക നേതാക്കൾ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കുന്നതിനിടെ കൊന്പുകോർത്തു സ്പീക്കർ എ.എൻ. ഷംസീറും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും.
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗം ഭരണപക്ഷ അംഗങ്ങൾ നിരന്തരം തടസപ്പെടുത്തിയപ്പോൾ, പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങളും നടുത്തളത്തിൽ ഇറങ്ങി. മൂന്നു തവണ നടുത്തളത്തിൽ ഇറങ്ങിയ പ്രതിപക്ഷഅംഗങ്ങളോടു സീറ്റുകളിൽ പോയിരിക്കാൻ സ്പീക്കർ എ.എൻ. ഷംസീർ ആവശ്യപ്പെട്ടപ്പോൾ, ബഹളമുണ്ടാക്കുന്ന ഭരണകക്ഷി അംഗങ്ങൾ ഇരിക്കാൻ നിർദേശിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇതിനിടെയായിരുന്നു ഞാൻ പറഞ്ഞാൽ അവർ കേൾക്കില്ലെന്ന സ്പീക്കർ എ.എൻ. ഷംസീറിന്റെ പരാമർശമുണ്ടായത്.
പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിനൊപ്പം കള്ളം പറയരുതെന്ന പരാമർശം ഭരണപക്ഷ നിരയിൽ നിന്ന് ഉണ്ടായതോടെ പ്രസംഗ കടലാസ് നിലത്തടിച്ചു വി.ഡി. സതീശനും രോഷാകുലനായി സീറ്റിലിരുന്നു. പിന്നീട് ഭരണകക്ഷി അംഗങ്ങളെ സ്പീക്കർ സീറ്റിൽ ഇരുത്തിയെങ്കിലും ബഹളം തുടർന്നു.
പ്രതിഷേധത്തിന് സ്പീക്കറും കൂട്ടു നിൽക്കുകയാണോ എന്ന പ്രതിപക്ഷ നേതാവിന്റെ ചോദ്യമാണ് ഷംസീറിനെ പ്രകോപിച്ചത്. ഇരുവരും തമ്മിൽ വാക്കു തർക്കമുണ്ടായി. പ്രതിപക്ഷ നേതാവാണെന്ന കാര്യം മറന്നു പോകരുതെന്നും ആ സ്ഥാനത്തിനു യോജിച്ച പ്രവൃത്തിയുണ്ടാകണമെന്നും സ്പീക്കറും തിരിച്ചടിച്ചു.
ഇരുവരും തമ്മിലുള്ള വാക്കു തർക്കത്തിലെ പ്രസക്തഭാഗങ്ങൾ സഭാ ടിവി അടക്കം സംപ്രേഷണം ചെയ്തില്ല. സ്പീക്കർക്കെതിരേയുള്ള പ്രതിപക്ഷ നേതാവിന്റെ പരാമർശത്തിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. സ്പീക്കർക്ക് ഭരണകക്ഷി അംഗങ്ങളെ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെങ്ങനെയാണ് നിയമസഭ ചേരുകയെന്നു വി.ഡി. സതീശൻ ചോദിച്ചു.
സിപിഎം അംഗങ്ങളുടെ ബഹളം നിയന്ത്രിക്കാൻ കഴിയില്ലെന്ന സ്പീക്കറുടെ പരാമർശത്തെ വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും വിമർശിച്ചു. കാലുമാറ്റം നടത്തിയ തദ്ദേശ അംഗത്തെ കളയാൻ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ചുമന്നു കൊണ്ടു പോകുന്നതല്ല നിയമത്തിലുള്ളതെന്നും കൂത്താട്ടുകുളം സംഭവത്തെ പരാമർശിച്ചു കുഞ്ഞാലിക്കുട്ടി പറഞ്ഞു.