വിദേശ മലയാളിയുടെ 1.40 കോടി തട്ടിയെടുത്തു; സിനിമാ നിര്‍മാതാവിനെതിരേ കേസ്
Wednesday, January 22, 2025 2:35 AM IST
കടുത്തുരുത്തി: ബിസിനസില്‍ പങ്കാളിയാക്കാമന്ന് തെറ്റിദ്ധരിപ്പിച്ച് വിദേശ മലയാളിയില്‍നിന്നും 1.40 കോടി തട്ടിയെടുത്ത സംഭവത്തില്‍ സിനിമാ നിര്‍മാതാവിനെതിരേ പോലീസ് കേസെടുത്തു.
കിടങ്ങൂര്‍ സ്വദേശി കൊല്ലപ്പള്ളി വീട്ടില്‍ പ്രകാശ് കുരുവിള (55) യുടെ പരാതിയില്‍ കല്ലറ സ്വദശിയായ സിനിമാ നിര്‍മാതാവ് തടത്തില്‍ ജോബി ജോര്‍ജ് (48) നെതിരേയാണ് കടുത്തുരുത്തി പോലീസ് കേസെടുത്തത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് - വന്‍കിട ബിസിനസുകാരുമായി ബന്ധമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു കുമരകത്തുള്ള സൂറി ഹോട്ടല്‍ വാങ്ങുന്നതിന് അഡ്വാന്‍സ് എന്ന നിലയിലും മറ്റു ബിസനസുകളില് പങ്കാളിയാക്കാമെന്ന ആവശ്യത്തിലേക്കുമായി ജോബി ജോര്‍ജ് 2015 ഫെബ്രുവരി 20ന് ആദ്യം പ്രകാശ് കുരുവിളയില്നിന്നും അഞ്ച് ലക്ഷം രൂപ വാങ്ങി.
കിടങ്ങൂരുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയില്‍നിന്നു ജോബിയുടെ കല്ലറയിലെ ഇതേ ബാങ്ക് ശാഖയിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്. പിന്നീട് പരാതിക്കാരന് അമേരിക്കയിൽ ആയിരുന്ന കാലത്ത് അമേരിക്കയിലെ ഇദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ വഴി പല തവണകളായി 4.35 കോടി രൂപ ജോബിയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു.
തുടര്‍ന്ന് വാഗ്ദാനം ചെയ്തിരുന്ന പദ്ധതികള്‍ നടത്താതെ ഇക്കാര്യങ്ങള്‍ക്കായി വാങ്ങിയ തുകയില്‍ മൂന്ന് കോടി രൂപ മാത്രം ജോബി, പ്രകാശിന് തിരികെ നല്കി. ശേഷിക്കുന്ന 1.40 കോടി രൂപ ഇതുവരെ തിരിച്ചു നല്‍കിയില്ലെന്നും വാഗ്ദാനം ചെയ്തിരുന്ന പദ്ധതികളില്‍ പങ്കാളിയാക്കാതെ വിശ്വാസ വഞ്ചന കാണിച്ചെന്നുമാണ് കേസ്.