സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് ജെറി അമൽദേവില്‍നിന്ന് പണം തട്ടാന്‍ ശ്രമം
Wednesday, September 11, 2024 1:47 AM IST
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് സംഗീതസംവിധായകന് ജെറി അമല്ദേവില്നിന്നു പണം തട്ടാന്‍ ശ്രമം. സിബിഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണു തട്ടിപ്പുസംഘം സമീപിച്ചെന്നും 1,70, 000 രൂപ അവരുടെ അക്കൗണ്ടിലേക്ക് അയയ്ക്കാന്‍ ആവശ്യപ്പെട്ടുവെന്നും ജെറി അമല്‍ദേവ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനാണ് ജെറി അമല്‍ദേവിന്റെ ഫോണിലേക്ക് വാട്സ്ആപ്പ് കോളെത്തിയത്. മുംബൈയിലെ ധാരാവി സിബിഐ ഓഫീസിലെ ഇന്‍സ്പെക്ടര്‍ ആണെന്നു പരിചയപ്പെടുത്തിയായിരുന്നു കോള്‍.
ജെറ്റ് എയര്‍വേസ് ഉടമയുടെ അക്കൗണ്ട് പരിശോധിച്ചതില്‍നിന്ന് രണ്ടു കോടി രൂപ താങ്കളുടെ അക്കൗണ്ടിലേക്ക് എത്തിയിട്ടുണ്ടെന്നു മനസിലായെന്നും ഉടന്‍ വെര്‍ച്വല്‍ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണിസ്വരത്തോടെയുള്ള കോളില്‍ പറഞ്ഞത്. തെളിവുകളൊന്നും കൈയില്‍ ഇല്ലാത്തതിനാല്‍ അവര്‍ പറയുന്ന അക്കൗണ്ടിലേക്ക് 1,70, 000 രൂപ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു.
തുടര്‍ന്ന് പണം പിന്‍വലിക്കാനായി ബാങ്കില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ ബാങ്ക് മാനേജര്‍ പണം അയയ്ക്കാന്‍ പറഞ്ഞ അക്കൗണ്ട് വിവരങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നാണ് ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പാണെന്നു മനസിലായത്. ഇതിനാല്‍ പണം നഷ്ടമായില്ലെന്ന് ജെറി അമല്‍ദേവ് പറഞ്ഞു.