ഞാറ്റുവേല ചന്തയിൽ വിഷരഹിത പ​ച്ച​ക്ക​റി​കൾ​ക്ക് പ്രി​യ​മേ​റു​ന്നു
Friday, July 5, 2024 4:36 AM IST
കാ​ക്ക​നാ​ട്: കാ​ക്ക​നാ​ട് സി​വി​ൽ സ്റ്റേ​ഷ​നി​ൽ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഞാ​റ്റു​വേ​ല ച​ന്ത​യി​ൽ ജ​ന​ത്തി​ര​ക്ക്. കൃ​ഷി വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള നാ​ല് ഫാ​മു​ക​ളി​ൽനി​ന്നും ക൪​ഷ​ക കൂ​ട്ടാ​യ്മ​ക​ളി​ൽ നി​ന്നു​മു​ള്ള ഗു​ണ​മേ​ന്മ​യു​ള്ള ന​ടീ​ൽ വ​സ്തു​ക്ക​ളും കാ൪​ഷി​ക മൂ​ല്യ​വ൪​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മ​ട​ക്കം കാ൪​ഷി​കോ​ത്പ​ന്ന​ങ്ങ​ളു​ടെ വ​ലി​യ നി​ര​യാ​ണ് ച​ന്ത​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നേ​ര്യ​മം​ഗ​ലം, ഒ​ക്ക​ൽ, ആ​ലു​വ, വൈ​റ്റി​ല എ​ന്നീ ഫാ​മു​ക​ളി​ൽ നി​ന്നു​മു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ച​ന്ത​യി​ലു​ള്ള​ത്. ആ​ലു​വ ഫാ​മി​ൽ നി​ന്ന് ര​ക്ത​ശാ​ലി അ​രി, പൊ​ക്കാ​ളി അ​രി, പൊ​ക്കാ​ളി അ​രി​യു​ടെ പൊ​ടി തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ളും മു​ള​ക്, വ​ഴു​ത​ന, ത​ക്കാ​ളി, പ​ട​വ​ലം തു​ട​ങ്ങി​യ വി​വി​ധ​യി​നം തൈ​ക​ളും ച​ന്ത​യി​ലു​ണ്ട്.

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജ​മ​ന്തി, ചെ​ണ്ടു​മ​ല്ലി തൈ​ക​ളും ആ​ലു​വ ഫാ​മി​ൽ നി​ന്ന് വി​ല്പ​ന​യ്ക്കാ​യി എ​ത്തി​ച്ചി​ട്ടു​ണ്ട്. മു​വാ​റ്റു​പു​ഴ ഫാ൪​മേ​ഴ്സ് പ്രൊ​ഡ്യൂ​സേ​ഴ്സ് ഓ൪​ഗ​നൈ​സേ​ഷ​നി​ൽ നി​ന്നും എ​ത്തി​ച്ചി​ട്ടു​ള്ള ഇ​ന​മാ​ണ് ആ​കാ​ശ​വെ​ള്ള​രി. പൊ​ട്ടു​വെ​ള്ള​രി​യു​ടെ മ​റ്റൊ​രു വി​ഭാ​ഗം. ജ്യൂ​സ് ആ​ക്കു​ന്ന​തി​നും ക​റി​വയ്​ക്കാ​നും ഉ​പ​യോ​ഗി​ക്കാം.

കി​ലോ​യ്ക്ക് നാ​ൽ​പ്പ​ത് രൂ​പ​യ്ക്ക് ച​ന്ത​യി​ൽ ആ​കാ​ശ​വെ​ള്ള​രി ല​ഭി​ക്കും. വാ​ഴ​ക്കു​ട​പ്പ​ന് കി​ലോ​യ്ക്ക് 12 രൂ​പ​യാ​ണ് വി​ല. ക​ട​ച്ച​ക്ക ഒ​രെ​ണ്ണം ഇ​രു​പ​ത് രൂ​പ​യ്ക്ക് ല​ഭി​ക്കും. കൂ​ടാ​തെ നാ​ട൯ ഏ​ത്ത​ക്കാ​യ, ക​പ്പ, വാ​ളൻ ​പു​ളി, കു​ടം​പു​ളി, തേ​ങ്ങ, നാ​ടൻ ഞാ​ലി​പ്പൂ​വൻ പ​ഴം എ​ന്നി​വ​യും വാ​ങ്ങാൻ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ടൻ ഞാ​റ്റു​വേ​ല​ച്ചന്ത​യു​ടെ ഉ​ദ്ഘാ​ട​നം നി൪​വ​ഹി​ച്ചു. ചന്ത​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​ന്ന​വ​സാ​നി​ക്കും.