എടപ്പാള്‍:എടപ്പാള്‍ തുയ്യത്ത് പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. പൊന്നാനി തെയ്യങ്ങാട് സ്വദേശി തിയ്യത്ത് ഹൗസില്‍ ഹരിദാസന്റെ മകന് വിപിന്‍ദാസ് (33) ആണ് മരിച്ചത്. എടപ്പാള്‍ പൊന്നാനി റോഡില്‍ തുയ്യം പെട്രോള്‍ പമ്പിന് മുന്‍വശത്ത് ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടം.
പൊന്നാനിയില്‍ നിന്ന് എടപ്പാളിലേക്ക് യാത്രക്കാരുമായി വന്നിരുന്ന ഓട്ടോറിക്ഷക്ക് മുന്നില്‍ പൂച്ച ചാടിയതോടെ രക്ഷപ്പെടുത്താന്‍ വെട്ടിച്ചതാണ് അപകട കാരണം. ഓട്ടോ റോഡില്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരെയും നാട്ടുകാര്‍ എടപ്പാളിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതര പരിക്കേറ്റ ഡ്രൈവര്‍ മരണപ്പെടുകയായിരുന്നു. യാത്രക്കാരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നാണ് വിവരം.