ഇംഗ്ലണ്ടിലെ വെയില്‍സിലേക്ക് എസ്ബി കോളജിലെ മുപ്പതംഗ വിദ്യാര്ഥീസംഘം
1479560
Saturday, November 16, 2024 7:26 AM IST
ചങ്ങനാശേരി: യൂണിവേഴ്സിറ്റി ഓഫ് വെയില്‍സ് ഫ്യൂചര്‍ അലയന്‍സ് യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമിന് സ്കോളര്‍ഷിപ്പോടെ പ്രവേശനം നേടി എസ്ബി കോളജിലെ മുപ്പതു വിദ്യാര്‍ഥികള്‍. ഇംഗ്ലണ്ടിലെ സുപ്രസിദ്ധ സര്‍വകലാശാല സംഘടിപ്പിക്കുന്ന യൂത്ത് ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ (ഫ്യൂചര്‍ അലയന്‍സ് പ്രോജക്ട് ) പങ്കെടുക്കാന്‍ അവസരം നേടിയവര്‍ക്കായി 70 ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പാണ് ലഭ്യമായിരിക്കുന്നത്.
ഗ്രൂപ്പ് ഡിസ്കഷനും ഇന്റര്‍വ്യൂവും അടങ്ങുന്ന ശ്രമകരമായ ഘട്ടങ്ങള്‍ താണ്ടിയാണ് എസ്ബിയിലെ വിവിധ വകുപ്പുകളില്‍നിന്നായി മുപ്പതുപേര്‍ ഈ സുവര്‍ണാവസരം നേടിയെടുത്തത്. വിവിധ യൂണിവേഴ്സിറ്റികള്‍ അടങ്ങുന്ന കണ്‍സോര്‍ഷ്യം ഓഫ് യൂണിവേഴ്സിറ്റീസ് അനുവദിക്കുന്ന ഈ സ്കോളര്‍ഷിപ്പില്‍ യാത്ര, ഭക്ഷണം, താമസമടക്കമുള്ള ചെലവുകള്‍ ഉള്‍പ്പെടും. നിര്‍ദിഷ്ട പരിശീലനപരിപാടികള്ക്കൊപ്പം കള്‍ച്ചറല്‍ എക്സ്ചേഞ്ച് പ്രോഗ്രാമുകളും സൈറ്റ് വിസിറ്റിംഗും ഈ പ്രോഗ്രാമിന്റെ ഭാഗമാകും.
2023-ല്‍ യൂണിവേഴ്സിറ്റി ഓഫ് വെയില്‍സും എസ്ബി കോളജും സംയുക്തമായി ഒപ്പുവച്ച എംഒയുവിന്റെ തുടര്‍ച്ചയിലാണ് വിദ്യാര്ഥീവിനിമയം സാധ്യമായത്. തെരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികളില്‍ 15 പേരും ഇംഗ്ലീഷ് വിഭാഗത്തിന്റെ ഭാഗമാണ്.
വിദ്യാര്‍ഥികളുടെ പഠനനിലവാരവും തൊഴില്‍സാധ്യതകളും ഉയര്‍ത്താന്‍ ഉതകുമെന്ന തിരിച്ചറിവിലാണ് കോളജ് ഇത്തരത്തിലുള്ള സ്കോളര്‍ഷിപ്പുകളും പരിശീലനപരിപാടികളും ഒരുക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ ഫാ. റെജി പി. കുര്യന് അഭിപ്രായപ്പെട്ടു.