മാന്നാനം ബൈബിൾ കൺവൻഷനിലേക്ക് വിശ്വാസികളുടെ പ്രവാഹം
1479545
Saturday, November 16, 2024 7:11 AM IST
മാന്നാനം: സെന്റ് ജോസഫ്സ് ആശ്രമദേവാലയത്തിൽ പ്രശസ്ത വചനപ്രഘോഷകൻ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന ബൈബിൾ കൺവൻഷന്റെ മൂന്നാം ദിവസമായ ഇന്നലെ ആയിരക്കണക്കിന് വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കാൻ എത്തി. സിഎസ്ടി സഭയുടെ ആലുവ പ്രൊവിൻഷ്യൽ ഫാ. ജിജോ ഇണ്ടിപറമ്പിൽ കൺവൻഷന് തുടക്കംകുറിച്ച് വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകി.
സുവിശേഷവഴികളെ ജീവിതവഴികളോടു ചേർത്ത് ജീവിച്ചാൽ ദൈവഹിതമനുസരിച്ചുള്ള ജീവിതം നയിക്കാനാകുമെന്ന് ഫാ. ജിജോ ഇണ്ടിപറമ്പിൽ പറഞ്ഞു. ഫാ. വർഗീസ് പ്ലാംപറമ്പിൽ, ഫാ. ജോൺസൺ സിഎസ്ടി എന്നിവർ സഹകാർമികരായിരുന്നു. വചനപ്രഘോഷണത്തിനും ആരാധനയ്ക്കും ഫാ. മാത്യു വയലാമണ്ണിൽ നേതൃത്വം നൽകി.
ഇന്ന് വൈകുന്നേരം നാലിന് ജപമാലയോടെ കൺവൻഷൻ പരിപാടികൾ ആരംഭിക്കും. 4.30ന് കോട്ടയം അതിരൂപത പാസ്റ്ററൽ കോഓർഡിനേറ്റർ ഫാ. മാത്യു മണക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഫാ. സോജി തേവലശേരി, ഫാ. സോബിൻ കിഴക്കേയിൽ എന്നിവർ സഹകാർമികരാകും. 5.45 ഫാ. മാത്യു വയലാമണ്ണിൽ വചനപ്രഘോഷണം നടത്തും. ആരാധനക്കുശേഷം ഒമ്പതിന് സമാപിക്കും.
കൺവൻഷൻ സമാപനം നാളെ
വൈകുന്നേരം നാലിന് ജപമാല, 4.30ന് താമരശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ഫാ. മാത്യു പോളച്ചിറ സിഎംഐ, ഫാ. ആന്റു കൈപ്പംപാടൻ സിഎംഐ എന്നിവർ സഹകാർമികരാകും. തുടർന്ന് വചന പ്രഘോഷണവും ആരാധനയും നടക്കും. ഒമ്പതിന് സമാപിക്കും.
വിപുലമായ പാർക്കിംഗ് സൗകര്യവും വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ബസ് സർവീസും ഏർപ്പെടുത്തിയിട്ടുണ്ട്. കൺവൻഷനെത്തുന്ന രോഗികൾക്കും പ്രായമായവർക്കും പ്രത്യേക ഇരിപ്പിടം സജ്ജീകരിച്ചിട്ടുണ്ട്.
കൺവൻഷൻ ദിവസങ്ങളിൽ രാവിലെ 10 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 2 മുതൽ 4 വരെയും കുമ്പസാരത്തിന് സൗകര്യമുണ്ടാകും.
ആശ്രമ ദേവാലയത്തിൽ ശനിയാഴ്ചകളിൽ നടക്കുന്ന വിശുദ്ധ കുർബാനയും വിശുദ്ധ ചാവറ പിതാവിനോടുള്ള നൊവേനയും ഇന്ന് പതിവുസമയത്ത് ഉണ്ടായിരിക്കുമെന്ന് ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ അറിയിച്ചു.