നദികളുടെ ശുചീകരണത്തിന് ഫണ്ടായി; മണൽക്കൂന നീക്കും
1479466
Saturday, November 16, 2024 5:49 AM IST
എരുമേലി: ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നദികളിൽ ശുചീകരണവും പരിസ്ഥിതി സംരക്ഷണ പ്രവൃത്തികളും തുടങ്ങുന്നു. ഇതിന്റെ ഭാഗമായി എരുമേലിയിൽ മണിമലയാറ്റിലെ ഓരുങ്കൽകടവിൽ ചെക്ക് ഡാം നിർമാണം തുടങ്ങി. ഒപ്പം നദിയിലടിഞ്ഞ മണൽക്കൂനയും ചെളിയും നീക്കി.
നദികളിൽ ബണ്ട് നിർമാണം, ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യൽ, സംരക്ഷണഭിത്തി നിർമാണം, ബാരിക്കേഡുകൾ സ്ഥാപിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നിവയ്ക്ക് ഇറിഗേഷൻ വകുപ്പിൽനിന്ന് 40 ലക്ഷം രൂപ ഫണ്ട് ചെലവിടുന്ന പദ്ധതികൾക്കാണ് അനുമതിയായിട്ടുള്ളത്. ഫണ്ട് അനുവദിച്ചതായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു.
എരുമേലി പഞ്ചായത്ത് പരിധിയിൽ മണിമലയാർ, അഴുതയാർ, പമ്പാനദി, വലിയ തോട് എന്നിവയുമായി ബന്ധപ്പെട്ട് വിവിധ പ്രവർത്തനങ്ങൾക്കാണ് ഇറിഗേഷൻ വകുപ്പ് തുക അനുവദിച്ചിട്ടുള്ളത്. എരുമേലി വലിയമ്പലം കോമ്പൗണ്ടിൽ വലിയ തോട്ടിലെയും ചെക്ക് ഡാമിലെയും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിന് 2.70 ലക്ഷം രൂപയും അഴുതക്കടവിൽ തീർഥാടകരുടെ സ്നാനത്തിനും മറ്റും ജലസംഭരണത്തിനായി താത്കാലിക ബണ്ട് നിർമാണത്തിന് 4.10 ലക്ഷം,
എരുമേലി തോട്ടിൽ താത്കാലിക ബണ്ട് നിർമാണത്തിന് 3.80 ലക്ഷം, കണമല ഭാഗത്ത് പമ്പാനദിയിൽ താത്കാലിക ബണ്ട് നിർമാണത്തിന് 8.70.ലക്ഷം, കൊരട്ടി പാലത്തിനു സമീപം താത്കാലിക ബണ്ട് നിർമാണത്തിന് 5.30 ലക്ഷം, ഓരുങ്കൽ കടവിൽ താത്കാലിക ബണ്ട് നിർമാണത്തിന് 6.50 ലക്ഷം,
എരുമേലി വലിയ തോട്ടിൽ ദേവസ്വം പാർക്കിംഗ് ഗ്രൗണ്ട് ഭാഗത്ത് വലിയ തോടിന് സംരക്ഷണഭിത്തി നിർമാണത്തിന് ഒന്പത് ലക്ഷം ഉൾപ്പെടെ ആകെ 40 ലക്ഷം രൂപയുടെ പ്രവർത്തികൾക്ക് ഭരണാനുമതി ലഭ്യമായി.