66 വയസുള്ള സ്ത്രീയുടെ വയറ്റില്‍നിന്ന് 6 കിലോ തൂക്കംവരുന്ന മുഴ നീക്കംചെയ്തു
1479473
Saturday, November 16, 2024 5:49 AM IST
പാലാ: 66 വയസുള്ള സ്ത്രീയുടെ വയറ്റില്‍നിന്ന് ആറു കിലോ തൂക്കം വരുന്ന മുഴ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഈരാറ്റുപേട്ട സ്വദേശിനിയായ സ്ത്രീയുടെ വയറ്റിലാണ് മുഴ വളര്‍ന്നു വന്നിരുന്നത്.
മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഒബസ്ട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിലാണ് ഇവര്‍ ചികിത്സ തേടിയത്. സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിതകുമാരിയുടെ നേതൃത്വത്തില്‍ നടത്തിയ വിദഗ്ധ പരിശോധനയിലാണ് ഗര്‍ഭപാത്രത്തോടു ചേര്‍ന്ന് ഓവറിയില്‍ വലിയ മുഴ വളര്‍ന്നു വരുന്നതായി കണ്ടെത്തിയത്.
തുടര്‍ന്നു സങ്കീര്‍ണമായ ശസ്ത്രക്രിയ തീരുമാനിക്കുകയായിരുന്നു. മുഴ കാന്‍സറിനും സാധ്യതയുള്ളതിനാല്‍ ഈ മുഴ പൊട്ടാതെ ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്ന വെല്ലുവിളിയും ഡോക്ടര്‍മാര്‍ക്കു മുന്നിലുണ്ടായിരുന്നു.
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലാണ് മുഴ നീക്കം ചെയ്തത്. മുഴ നീക്കം ചെയ്തശേഷം ഉടന്‍ തന്നെ നടത്തിയ ഫ്രോസന്‍ സെക്ഷന്‍ പരിശോധനയിലൂടെ കാന്‍സര്‍ അല്ലെന്ന് സ്ഥിരീകരിക്കുയും ചെയ്തു.
ഒബസ്ട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അജിതകുമാരി, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സിസ്റ്റര്‍ ബെറ്റി വര്‍ഗീസ്, അനസ്തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ലിബി ജി. പാപ്പച്ചന് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
സുഖം പ്രാപിച്ച വീട്ടമ്മ ആശുപത്രിയില്‍നിന്നു മടങ്ങുകയും സാധാരണ ജോലികളില്‍ ഏര്‍പ്പെട്ടു തുടങ്ങുകയും ചെയ്തു.