തണല്‍മരം ബൈക്കിനു മുകളിലേക്ക് വീണ് ദമ്പതികൾക്ക് പരിക്ക്
1479556
Saturday, November 16, 2024 7:26 AM IST
കടുത്തുരുത്തി: റോഡരികില്‍നിന്ന തണല്‍മരം ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കിനു മുകളിലേക്ക് വീണ് ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭാര്യ നിസാര പരിക്കുകളോടെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോതനല്ലൂര്‍ മുഴുവള്ളീല് സിജോ (40), ഭാര്യ ജിയ ആന്‍ തോമസ് (32) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇരുവരേയും ഏറ്റുമാനൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍-എറണാകുളം റോഡില്‍ കളത്തൂര്‍ മുള്ളന്‍കുഴി പാലത്തിനു സമീപം ഇന്നലെ രാവിലെ ഒമ്പതോടെയാണ് അപകടം. കാണക്കാരിയില്‍നിന്നും കോതനല്ലൂരിലെ വീട്ടിലേക്ക് വരികയായിരുന്നു ഇരുവരും.
ഏറ്റുമാനൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് സിജോ. ജിയ ആന്‍ തോമസ് കാണക്കാരിയിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയാണ്. റോഡ് പുറമ്പോക്കില്‍ നിന്ന തണല്‍ മരമാണ് റോഡിലേക്ക് ഒടിഞ്ഞു വീണത്.
ഈ സമയം ഇതുവഴി കടന്നു പോവുകയായിരുന്ന ദമ്പതികള്‍ സഞ്ചരിച്ച ബൈക്കിന് മുകളിലേക്ക് മരം വീഴുകയായിരുന്നു. നിയന്ത്രണംവിട്ടു മറിഞ്ഞ ബൈക്കും അപകടത്തില്‍ തകര്‍ന്നു. മരം വീണതിനെ തുടര്‍ന്ന് ഇതുവഴിയുള്ള വാഹനഗതാഗതം ഏറേസമയം തടസ്സപെട്ടു. പിന്നീട് അഗ്നിരക്ഷാസേനയെത്തി മരം മുറിച്ചു നീക്കിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
കേടായി നില്ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നതായി അധികൃതരുടെ ശ്രദ്ധയില്‍ പലതവണ പെടുത്തിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ മരം മുറിച്ചു മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായില്ല. ഉണങ്ങി നിന്നിരുന്ന മരം ഒടിഞ്ഞ് കേടുവന്ന മരത്തിന്മേല് പതിച്ചതിനെ തുടര്‍ന്നാണ് വലിയ മരത്തിന്റെ ശിഖരം റോഡിലേക്ക് വീണത്.
വാഹനത്തിരക്ക് അനുഭവപ്പെടാറുള്ള സമയത്താണ് മരത്തിന്റെ ശിഖരം റോഡിലേക്ക് വീണതെങ്കിലും ഈ സമയം കൂടുതല്‍ വാഹനങ്ങള്‍ ഇതിലേ എത്താതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. കേടുവന്ന മരത്തിന്റെ ശേഷിക്കുന്ന ഭാഗം കൂടി മുറിച്ചു നീക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.