കേരള മെമ്മറി ചാമ്പ്യന്‍ഷിപ്പിന് ഇന്നു കോട്ടയത്ത് തുടക്കം
1479465
Saturday, November 16, 2024 5:49 AM IST
കോട്ടയം: ഓര്‍മശക്തി മാറ്റുരയ്ക്കുന്ന കേരള മെമ്മറി ചാമ്പ്യന്‍ഷിപ്പിന് ഇന്നു കോട്ടയത്തു തുടക്കം. കേരള മെമ്മറി സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് ആദ്യത്തെ കേരള മെമ്മറി ചാമ്പ്യന്‍ഷിപ്പ് നടത്തപ്പെടുന്നത്.
വേള്‍ഡ് മെമ്മറി സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ഇന്ത്യന്‍ മെമ്മറി സ്പോര്‍ട്സ് കൗണ്‍സിലിന്റെയും അംഗീകാരത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്.
റാന്റം വേര്‍ഡ്സ്, സ്പീഡ് നമ്പേഴ്സ്, ഹിസ്റ്റോറിക്കല്‍ ഡേറ്റ്സ്, സ്പീഡ് കാര്‍ഡ്സ്, ബൈനറി നമ്പേഴ്സ് തുടങ്ങിയ മത്സര ഇനങ്ങളാണ് പ്രായഭേദമന്യേ എല്ലാവര്ക്കും പങ്കെടുക്കാവുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്നത്.
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അറുപതോളം മത്സരാര്‍ഥികളാണ് ഓര്‍മശക്തി മാറ്റുരയ്ക്കുന്നത്. രാവിലെ എട്ടിന് രജിസ്ട്രേഷനോടുകൂടി ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഇന്ത്യന്‍ മെമ്മറി സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റും 14 ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ് ജേതാവുമായ സ്ക്വഡ്വന് ലീഡര്‍ ജയസിംഹ ഉദ്ഘാടനം ചെയ്യും.
ചാമ്പ്യന്‍ഷിപ്പിന്റെ ചീഫ് ആര്‍ബിറ്റര്‍ തമിഴ്നാട് മെമ്മറീസ് സ്പോര്‍ട്സ് കൗണ്‍സിലിന്റെ പ്രസിഡന്റ് ഡോ. ശ്രീറാം സന്തോഷാണ്. ഉച്ചകഴിഞ്ഞ് മൂന്നിന് സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്ത് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.
സമ്മേളനത്തിനു കേരള മെമ്മറി സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് സിമി പീറ്റര്‍ അധ്യക്ഷത വഹിക്കും.മൗണ്ട് കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ജെനിന്, മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ശില്പ എന്നിവര്‍ സന്നിഹിതരായിരിക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ജിനോ എം. സ്കറിയ, സിമി പീറ്റര്‍, സുരേഷ് കെ. നായര്‍, ഫെബി ലിയോ മാത്യു, ശോഭ മരിയ ജോണ്‍ എന്നിവര്‍ പങ്കെടുത്തു.