റോഡിലെ കുഴികളിൽ നിറച്ച മെറ്റൽ നാട്ടുകാർക്ക് പൊല്ലാപ്പായി
1479317
Friday, November 15, 2024 7:22 AM IST
നെടുംകുന്നം: തകർന്ന റോഡ് പുനരുദ്ധരിക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധം ഉയർത്തിയ നാട്ടുകാരുടെ വായ് അടപ്പിക്കാൻ റോഡിലെ കുഴികൾ മെറ്റൽ നിരത്തി അടച്ചത് യാത്രക്കാർക്ക് വിനയാകുന്നു.
കറുകച്ചാൽ - മണിമല റോഡിൽ നെടുംകുന്നം പഞ്ചായത്ത് ഓഫീസിനു സമീപമുള്ള വളവിൽ റോഡ് തകർന്ന് രൂപപ്പെട്ട കുഴികളാണ് ഒരാഴ്ച മുമ്പ് മരാമത്ത് അധികൃതർ മെറ്റൽ നിറച്ച് നികത്തിയത്. ഈ ഭാഗത്ത് 40 അടിയോളം നീളത്തിൽ ഗർത്തങ്ങൾ രൂപം കൊണ്ടിരുന്നു. കുഴികളിൽ വാഹനങ്ങൾ പതിച്ച് അപകടങ്ങൾ സാധാരണയായതോടെ മെറ്റലും പച്ച മണ്ണും നിറച്ച് കുഴികൾ അടച്ച് അധികൃതർ തലയൂരി. എന്നാൽ കുഴികളിൽനിന്ന് മെറ്റലുകൾ ഇളകിത്തെറിച്ച് റോഡാകെ നിരന്നു.
റോഡിൽ നിരന്ന മെറ്റലുകളിൽ വാഹനങ്ങൾ കയറിയിറങ്ങി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും കാൽനടയാത്രക്കാരുടെ ശരീരത്തേയ്ക്കും പതിക്കുന്നത് പതിവാണ്. കൂടാതെ കുഴികളിലെ മണ്ണ് ഉണങ്ങി പൂഴിയായതിനാൽ പൊടിശല്യവും രൂക്ഷമാണ്. പ്രശ്നം പൊതുമരാമത്ത് അധികൃതരെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറയുന്നു.