എരുമേലി അയ്യപ്പഭക്തിയിൽ; സർക്കാർ ക്രമീകരണങ്ങളായി
1479418
Saturday, November 16, 2024 5:33 AM IST
എരുമേലി: ഇന്നാണ് ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതെങ്കിലും ഇന്നലെ മുതൽ തീർഥാടക തിരക്കിലാണ് എരുമേലി. ഇന്നലെ പകൽ പലപ്പോഴും പേട്ടക്കവലയിലും ടൗൺ റോഡിലും വാഹന ഗതാഗതം കുരുക്കിലായി.
പേട്ടക്കവല മുതൽ വലിയമ്പലം വരെ വൺവേ ട്രാഫിക് ആണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമാന്തര പാതയായി ടിബി റോഡിലാണ് ഇരുവശങ്ങളിൽനിന്നുള്ള വാഹന ഗതാഗതം അനുവദിച്ചിരിക്കുന്നത്. നൂറുകണക്കിന് തീർഥാടക വാഹനങ്ങളാണ് പേട്ടക്കവല വഴി കടന്നുപോയത്. യാത്രക്കാർക്കുള്ള ബസ് സ്റ്റോപ്പുകൾ പേട്ടക്കവലയ്ക്ക് പുറത്തേക്ക് പോലീസ് മാറ്റി.
പേട്ടക്കവലയിൽ ടാക്സി പാർക്കിംഗ് ഇതോടൊപ്പം നിരോധിച്ചിട്ടുണ്ട്. ഓട്ടോറിക്ഷ ഉൾപ്പെടെ ടാക്സി വാഹനങ്ങൾ പേട്ടക്കവലയിൽ പാർക്ക് ചെയ്യരുതെന്ന് പോലീസ് നിർദേശിച്ചിട്ടുണ്ട്.
മെഗാ ശുചീകരണം
ഇന്നലെ പേട്ടക്കവലയും ടൗണും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരിച്ചു. ബോധവത്കരണമായി വാഹനത്തിൽ ഉച്ചഭാഷിണി വഴി അറിയിപ്പ് നൽകുന്നുണ്ട്. രാവിലെ ഒമ്പതോടെ മെഗാ ശുചീകരണം ആരംഭിച്ചു. തീർഥാടകർക്ക് ശുചീകരണ മാർഗ നിർദേശങ്ങൾ നൽകാൻ പോലീസിനൊപ്പം ആരോഗ്യ പ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്. 125 അംഗ വിശുദ്ധി സേന ഇന്നലെ മുതൽ സേവനം തുടങ്ങി.
ഡിസ്പെൻസറികളായി
താത്കാലിക ഡിസ്പെൻസറികളുടെ പ്രവർത്തനം ഇന്നലെ മുതൽ തുടങ്ങി. 24 മണിക്കൂർ സേവനമാണ് ഡിസ്പെൻസറികളിൽ ലഭ്യമാവുക. സർക്കാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു പുറമെയാണ് ഡിസ്പെൻസറികൾ ആരംഭിച്ചത്. ദേവസ്വം വലിയ മൈതാനത്തിൽ പഴയ സ്കൂൾ കെട്ടിടത്തിലാണ് പ്രവർത്തനം.
അലോപ്പതി, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളും പകർച്ചവ്യാധി പ്രതിരോധ ക്ലിനിക്കും ആണ് സേവനത്തിനുള്ളത്. 24 മണിക്കൂറും ഇവിടെ ഡോക്ടർമാരുടെ സേവനമുണ്ട്. ഫാർമസി, അടിയന്തിര ചികിത്സ, ഒബ്സർവേഷൻ എന്നിവയുണ്ട്.
ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി
താത്കാലിക ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങി. ഡിസ്പെൻസറികൾ പ്രവർത്തിക്കുന്ന കെട്ടിടത്തിനു സമീപമാണ് ഫയർ സ്റ്റേഷൻ. 24 ഓളം ജീവനക്കാർ വിവിധ ഷിഫ്റ്റുകളിലായി ഡ്യൂട്ടിയിൽ ഉണ്ടാകും. ആശുപത്രികളുടെ പ്രവർത്തനോദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ജില്ലാ പോലീസ് മേധാവി എ. ഷാഹുല്‍ ഹമീദ് ഭദ്രദീപം തെളിച്ചു.
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എൻ. അനില്‍കുമാര്‍, പഞ്ചായത്തംഗം നാസര്‍ പനച്ചി, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്, കാഞ്ഞിരപ്പള്ളി മേരി ക്വീന്‍സ് മിഷന് ആശുപത്രി ഡയറക്ടര്‍ ഫാ. മാര്ട്ടിന് മണ്ണനാല്, അഡീഷണല്‍ ഡിവൈഎസ്പി വിനോദ് പിള്ള, എരുമേലി എസ്എച്ച്ഒ ബിജു, എസ്ഐ രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
500 പോലീസ് ഉദ്യോഗസ്ഥർ
ശബരിമല തീർഥാടനം സമാപിക്കുന്നതുവരെ മൂന്ന് ഷിഫ്റ്റുകളായി എസ്പിസി കേഡറ്റുകള്‍ ഉള്‍പ്പെടെ 500ധികം പോലീസുകാരുടെ സേവനം എരുമേലിയില്‍ ലഭ്യമാണെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് അറിയിച്ചു.
പട്രോളിംഗ്, വാഹന ഗതാഗത നിയന്ത്രണം, ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവരുടെ പരിശോധനം നാളെ മുതല്‍ നടക്കും. പോലീസ് കൺട്രോൾ റൂം നമ്പർ. ഫോൺ - 04828 210300.
തീർഥാടകർക്ക് 10 രൂപയ്ക്ക് കുപ്പിവെള്ളം
കോട്ടയം: ശബരിമല തീർഥാടകർക്കും പൊതുജനങ്ങൾക്കും സംസ്ഥാനസർക്കാരിന്റെ സുജലം പദ്ധതിയുടെ ഭാഗമായ ഹില്ലി അക്വാ കുപ്പിവെള്ളം ലിറ്ററിന് 10 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ പ്രധാന ശബരിമല ഇടത്താവളങ്ങൾക്കു സമീപമുള്ള റേഷൻ കടകളിലൂടെയാണ് കുപ്പിവെള്ളം വിതരണം ചെയ്യുന്നത്.