വീണ്ടും കോമ്പൗണ്ട് റബര്‍ ഇറക്കുമതി: വിലയിടിക്കാന്‍ ടയര്‍ കമ്പനികള്‍
1479425
Saturday, November 16, 2024 5:33 AM IST
കോട്ടയം: ഷീറ്റ് റബര്‍ ഉത്പാദിപ്പിക്കുന്ന കര്‍ഷകരുടെ സീസണിലെ പ്രതീക്ഷകള്‍ തകര്‍ത്ത് വീണ്ടും വ്യവസായികള്‍ കോമ്പൗണ്ട് റബര്‍ ഇറക്കുമതിക്കു നീക്കം. അഞ്ചു ശതമാനം മാത്രം തീരുവ അടച്ച് അരലക്ഷം ടണ്‍ കോമ്പൗണ്ട് റബര്‍ അടുത്ത രണ്ടു മാസങ്ങളില്‍ ഇറക്കുമതി വരുന്നതോടെ ഇവിടെ ഏറ്റവും കൂടുതല്‍ ഉത്പാദനം നടക്കുന്ന സീസണില്‍ വില മെച്ചപ്പെടില്ല.
കേരളത്തില്‍ ഉള്‍പ്പെടെ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ മൂന്നര ലക്ഷം ടണ്‍ സ്വാഭാവിക റബറിന്റെ ഉത്പാദനം പ്രതീക്ഷിച്ചിരിക്കെയാണ് ടയര്‍ കമ്പനികള്‍ കര്‍ഷകരുടെ മോഹങ്ങൾ തരിപ്പണമാക്കുന്നത്.
ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് വിലക്കുറവുള്ള കോമ്പൗണ്ട് റബര്‍ എത്തിക്കാന്‍ അഞ്ചു ശതമാനം തീരുവ അടച്ചാല്‍ മതിയാകും. ടയറില്‍ കൂടുതലായി ഇത്തരം റബര്‍ ചേര്‍ക്കുന്നത് ഗുണനിലവാരത്തെ ബാധിക്കുമെന്ന് ടയര്‍ വ്യാപാരികള്‍ പറയുന്നു. ഈ നിരക്ക് ക്രംബ് റബറിനു തുല്യമായി വര്‍ധിപ്പിക്കണമെന്ന് കര്‍ഷകര്‍ മുറവിളി കൂട്ടുമ്പോഴാണ് വലിയ തോതിലുള്ള ഇറക്കുമതിക്കുള്ള നീക്കം.
റബര്‍ വില വീണ്ടും ഇടിക്കാന്‍ വ്യവസായികള്‍ റബര്‍ ബോര്‍ഡില്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഭാഗമായി കിലോയ്ക്ക് ഒരു രൂപ കഴിഞ്ഞ ദിവസം കുറഞ്ഞു.ഇക്കൊല്ലം ഏപ്രില്‍ മുതല്‍ ഓഗസ്റ്റു വരെ ഒരു ലക്ഷം ടണ്ണോളം കോമ്പൗണ്ട് റബര്‍ ഇറക്കുമതി ചെയ്തു.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏറെക്കൂടുതലാണ് ഇക്കൊല്ലത്തെ ഇറക്കുമതി. മുന്‍വര്‍ഷം ക്രംബ് റബറായിരുന്നു കൂടുതലായി കൊണ്ടുവരുന്നിരുന്നത്. കേരളത്തില്‍ കര്‍ഷകര്‍ ലാറ്റക്സ് വില്ക്കാന് നിര്‍ബന്ധിതരാകുന്നതും കോമ്പൗണ്ട് റബറിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ്. ഇളവുകളോടെയുള്ള ഇറക്കുമതി തുടരുന്ന സാഹചര്യത്തില്‍ റബര്‍ വില വരുംമാസങ്ങളില്‍ കൈവിട്ടുപോകുമെന്ന സാഹചര്യമാണ്.
ഇതിനു പുറമെയാണ് ഒരു പൈസ പോലും നികുതി അടയ്ക്കാതെ റബര്‍ ഇറക്കുമതി നടത്താനുള്ള ടയര്‍ കമ്പനികളുടെ പ്രത്യേക ആനുകൂല്യം.