കുട്ടികളുടെ ഹരിതസഭ നടത്തി
1479469
Saturday, November 16, 2024 5:49 AM IST
കൂട്ടിക്കല്‍: മാലിന്യമുക്തം നവകേരള കാമ്പയിന്റെ ഭാഗമായി കൂട്ടിക്കല്‍ പഞ്ചായത്തിലെ മുഴുവന്‍ സ്കൂളുകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഹരിതസഭ സംഘടിപ്പിച്ചു.
മാലിന്യസംസ്കരണത്തിലും മാലിന്യമുക്ത പ്രവര്‍ത്തനങ്ങളിൽ കുട്ടികളില്‍ അവബോധം സൃഷ്ടിക്കുന്നതിനും സമ്പൂര്‍ണ മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിനായി അവരുടെ പങ്കാളിത്തവും ആശയങ്ങളും ലഭ്യമാക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹരിതസഭ സംഘടിപ്പിച്ചത്.
കൂട്ടിക്കല്‍ പഞ്ചാത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഏന്തയാര്‍ ജെജെഎംഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥി ജെനിസ് ജോമി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് നേരിടുന്ന മാലിന്യ പ്രശ്നങ്ങളെപ്പറ്റിയും നടപ്പിലാക്കേണ്ട മാലിന്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളെപ്പറ്റിയും എല്ലാ സ്കൂളുകളിലെയും കുട്ടികള്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഹരിതസഭയില്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് വിശദീകരണം നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനീ സുധീര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ആശാ ബിജു, ജെയ്ൻ ജയിംസ്, പ്രകാശിനി ശശി, പഞ്ചായത്തംഗങ്ങൾ എന്നിവര്‍ നേതൃത്വം നല്കി. പഞ്ചായത്തിലെ മുഴുവന്‍ സ്കുളുകളിലെയും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അധ്യാപകരും ഹരിതസഭയില്‍ പങ്കെടുത്തു.