നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന പെരുവ-പിറവം റോഡ് അപകടക്കെണിയാകുന്നു
1479552
Saturday, November 16, 2024 7:11 AM IST
കടുത്തുരുത്തി: നിര്‍മാണം പൂര്‍ത്തിയാകാതെ കിടക്കുന്ന പെരുവ-പിറവം റോഡ് അപകടക്കെണിയാകുന്നു. റോഡിലെ വളവില്‍ കോണ്‍ക്രീറ്റ് കട്ടിംഗില്‍ നിന്ന് തെന്നിമാറിയ ആംബുലന്‍സ് നിയന്ത്രണം വിട്ട് താഴ്ചയിലേയ്ക്കു മറിഞ്ഞ് കിടപ്പു രോഗിയായ യുവാവിന് ജീവന് നഷ്ടപ്പെട്ടതാണ് തുടരുന്ന അപകടങ്ങളില്‍ ഒടുവിലത്തേത്.
കോതമംഗലം പോത്താനിക്കാട് പുല്‍പ്പറയില്‍ ബെന്സന് (35) ആണ് മരിച്ചത്. ആംബുലന്‍സിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ചെമ്മനാകരിയിലെ ആശുപത്രിയില്‍ പോയശേഷം തിരികെ ആംബുലന്‍സില്‍ ബെന്‍സണും സഹോദരനും സുഹൃത്തും വീട്ടിലേക്ക് മടങ്ങുന്നതിനിടെയിലായിരുന്നു അപകടം.
പെരുവ-പിറവം റോഡില്‍ മുളക്കുളം വടുകുന്നപ്പുഴ ജംഗ്ഷന് സമീപം വളവില്‍ വ്യാഴാഴ്ച്ച രാത്രി ഏഴോടെയായിരുന്നു അപകടം. റോഡരികില്‍ സുരക്ഷാവേലിയുണ്ടായിരുന്നെങ്കില് ഒഴിവാക്കാമായിരുന്ന അപകടമായിരുന്നു ഇതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വടുകുന്നപ്പുഴ ജംഗ്ഷനു സമീപം വളവില്‍ കോണ്‍ക്രീറ്റ് റോഡിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് വളവ് തീരുന്നിടത്തു വച്ചു കട്ടിംഗില്നിന്ന് തെന്നിമാറി താഴേയ്ക്കു പതിച്ചാണ് അപകടമുണ്ടായതെന്ന് മുളക്കുളം പഞ്ചായത്തംഗമായ അജിത്കുമാര്‍ പറഞ്ഞു.
കഴിഞ്ഞദിവസം വടുകുന്നപ്പുഴ വളവില്‍ കാറുകള്‍ താഴേയ്ക്കു പതിച്ചു അപകടമുണ്ടായിരുന്നു. സമീപത്തായി ശിവന്പടിയില് ബൈക്ക് കുഴിയില്‍ വീണുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു. പെരുവ-പിറവം റോഡില്‍ അപകടം പതിവാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു.
അപകടമുന്നറിയിപ്പായി തോരണം കെട്ടി നാട്ടുകാര്‍
അപകടത്തിന് ശേഷം നാട്ടുകാര്‍ ചേര്‍ന്ന് ചുവന്ന തോരണം അപകടസ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ അടിയന്തരമായി സുരക്ഷാവേലി സ്ഥാപിക്കാന്‍ കെഎസ്ടിപിയോട് ആവശ്യപ്പെട്ടതായി മുളക്കുളം പഞ്ചായത്തംഗം കെ.ആര്. അരുണ്‍ പറഞ്ഞു. വെള്ളൂര്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വടുകുന്നപ്പുഴ അമ്പലം ജംഗ്ഷന്,
മുളക്കുളം പാടത്തിന് സമീപം, മുതിരക്കാലാ വളവ് തുടങ്ങി അപകട സാധ്യതാ മേഖലകളില്‍ നേരത്തെതന്നെ സംരക്ഷണ ഭിത്തി സ്ഥാപിക്കണമെന്ന് കെഎസ്ടിപിയോട് ആവശ്യപ്പെട്ടിരുന്നതാണെന്ന് നാട്ടുകാരനായ അജീഷ് കുറുമഠത്തില്‍ പറഞ്ഞു. അധികൃതരുടെ അനാസ്ഥയ്ക്കെതിരെ നാട്ടുകാരുടെ സഹകരണത്തോടെ ജനകീയസമരം നടത്തുമെന്നും അജീഷ് പറഞ്ഞു.
റോഡിന്റെ അവസ്ഥ
25 കിലോമീറ്ററോളം വരുന്ന പെരുവ-പെരുവംമൂഴി റോഡിന്റെ ഭാഗമാണ് പെരുവ-പിറവം റോഡ്. ഇതില്‍ പെരുവ സെന്‍ട്രൽ ജംഗ്ഷന് മുതല്‍ മുളക്കുളം അമ്പലപ്പടി വളപ്പില്‍ പാലം വരെയുള്ള 2.6 കിലോമീറ്റര്‍ ദൂരമാണ് കടുത്തുരുത്തി മണ്ഡലത്തിലുള്ളത്.
വടുകുന്നപ്പുഴ എസ്എന്‍ഡിപി ക്ഷേത്രം മുതല്‍ മുളക്കുളം മുതിരക്കാലാ വളവ് വരെയുള്ള 1.25 കിലോമീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ് റോഡാണ്. ഉയരം കൂട്ടി കോണ്‍ക്രീറ്റ് ചെയ്തു നിര്‍മിച്ച റോഡിന് വശങ്ങളില് സുരക്ഷാ സംവിധാനങ്ങളൊന്നുമില്ല. സമീപത്തെ പുരയിടങ്ങളുമായി പലയിടത്തും അഞ്ച് മുതല്‍ 12 അടി വരെ ഉയരത്തിലാണ് റോഡ്. ഓടകളും നടപ്പാതകളും പലയിടത്തും നിര്‍മിച്ചിട്ടില്ല. രണ്ടു വലിയ വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്.
ബിഎംബിസി നിലവാരത്തില്‍ പൂര്‍ത്തിയാക്കേണ്ടിരുന്ന ബാക്കി വരുന്ന തകര്‍ന്ന ഭാഗം റോഡ് നിര്‍മാണ പദ്ധതി നടപ്പാകാതെ വന്നതോടെ തകര്‍ന്ന നിലയിലായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിലവില്‍ അറ്റകുറ്റപ്പണി നടത്തുന്നതേയുള്ളൂ.
റോഡ് നിര്‍മാണത്തിലെ കാലതാമസം തിരിച്ചടി
പെരുവ-പെരുവംമൂഴി റോഡ് റീ-ബില്‍ഡ് കേരളയില്‍ ഉള്‍പെടുത്തി നിര്‍മാണം തുടങ്ങിയിട്ട് നാല് വര്‍ഷമാകുന്നു. റോഡിന്റെ നിര്‍മാണം നടത്തിയ മുംബൈ ആസ്ഥാനമായുള്ള റേ കണ്‍സ്ട്രക്ഷന്‍സ് സമയബന്ധിതമായി ജോലികള്‍ പൂര്ത്തീകരികാത്തതിനാല് സര്‍ക്കാര്‍ അവരെ ഒഴിവാക്കി. തുടര്‍ന്ന് പ്രധാനപ്പെട്ട റോഡ് നിര്‍മാണ പദ്ധതി റീ-ടെന്‍ഡര്‍ ചെയ്തു നടപ്പാക്കുന്നതിന് കാലതാമസം നേരിട്ടു.
ജനപ്രതിനിധികളുടെയും എംഎല്‍എയുടെയും ഇടപെടലില്‍ പൊതുമരാമത്ത് വകുപ്പ് കെഎസ്ടിപി മുഖാന്തിരം 20 ലക്ഷം രൂപ അറ്റകുറ്റപണികള്‍ക്കായി അനുവദിച്ചു. ഇതു നടന്നുവരികയാണ്. മുടങ്ങികിടക്കുന്ന റോഡ് നിര്‍മാണം പൂര്‍ത്തീകരിക്കാനായി പുതിയ വിശദമായ പ്രൊജക്ട് റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് സമര്‍പിച്ചതായി കെഎസ്ടിപി അധികൃതര്‍ പറയുന്നു.