കുമരകം ബോട്ടുജെട്ടിയും ജെട്ടി റോഡും അപകടാവസ്ഥയിൽ
1479546
Saturday, November 16, 2024 7:11 AM IST
കുമരകം: കുമരകം ബോട്ട് ജെട്ടിയോടു ചേർന്നുള്ള റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതോടെ ബോട്ടുജെട്ടിയും റോഡും അപകടാവസ്ഥയിലായി. റോഡിന്റെ അടിഭാഗത്തെ മണ്ണ് ഒലിച്ചുപോയാണ് വൻ കുഴികൾ രൂപപ്പെടുന്നത്.
ആദ്യം രൂപപ്പെട്ട കുഴിയിൽ മരക്കമ്പുകൾ നാട്ടി അപകടസൂചന നൽകിയിട്ടുണ്ട്. എന്നാൽ, പിന്നീട് രൂപപ്പെട്ട വലിയ കുഴിയിൽ അപകട സൂചനകളൊന്നുമില്ല.
ബോട്ടുയാത്രക്കാർ കയറുകയും ഇറങ്ങുകയും ഇരുചക്ര വാഹനങ്ങൾ ബോട്ടിൽ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന റാേഡിലാണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. എത്രയും വേഗം മണ്ണൊലിപ്പ് തടഞ്ഞു കുഴികൾ നികത്തി റോഡ് സുരക്ഷിതമാക്കണമെന്നാണ് ബോട്ടു യാത്രക്കാരും പ്രദേശവാസികളും ആവശ്യപ്പെടുന്നത്.