ശബരിമല തീര്‍ഥാടനം: ടാക്സി പെര്‍മിറ്റിന്റെ പേരില്‍ കോട്ടയത്ത് വ്യാപക പണപ്പിരിവ്
1479303
Friday, November 15, 2024 7:11 AM IST
കോട്ടയം: ശബരിമലയിലേക്ക് തീര്‍ഥാടകര്‍ പോകുന്നതിനായി ടൂറിസ്റ്റ്ടാക്സികള്ക്ക് പെര്‍മിറ്റുകള്‍ നല്‍കുന്നതിന്റെ പേരില്‍ വ്യാപകമായ പണപ്പിരിവ് നടക്കുന്നതായി പരാതി. കോട്ടയം റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ച് ടാക്സി-ടൂറിസ്റ്റ് ബസുകള്‍, കാറുകള്‍, ട്രാവലറുകള്‍ എന്നിവയ്ക്ക് പെര്‍മിറ്റ് കൊടുക്കുന്നതിന്റെ പേരില്‍ പണപ്പിരിവ് നടക്കുന്നതായാണ് പരാതി.
റെയില്‍വേ സ്റ്റേഷന് കേന്ദ്രീകരിച്ചുള്ള ചില ട്രേഡ് യൂണിയന് നേതാക്കളാണ് പണപിരിവിനു പിന്നിലെന്നാണ് ആക്ഷേപം. ഇവര്‍ ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ഥാടകര്‍ക്ക് സുഗമമായ യാത്ര ഒരുക്കുന്നതിന്റെ പേരില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ കമ്മിറ്റിയുടെ പേരിലാണ് 10,000 മുതല്‍ 15,000 രൂപ വരെ വാങ്ങുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
വണ്ടികള്‍ക്ക് പാസ് നല്കുന്നതിനായിട്ടാണു പണം വാങ്ങുന്നതെന്നാണ് കമ്മിറ്റി അധികൃതര്‍ പറയുന്നത്. മുന്‍കാലങ്ങളില്‍ തീര്‍ഥാടന കാലത്ത് കമ്മിറ്റി പാസ് നല്‍കുന്നതിനായി ചെറിയ തുക മാത്രമാണ് കൈപ്പറ്റിയിരുന്നത്. ഇതിനു കൃത്യമായ രസീതും മറ്റും നല്‍കുകയും കോഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തുക വിനിയോഗിക്കുകയുമാണു ചെയ്യുന്നത്.
ഇത്തവണ യാതൊരു മാനദണ്ഡവുമില്ലാതെ പിരിവ് നടത്തുകയാണെന്ന് ആരോപണം ഉയരുന്നു. ആവശ്യപ്പെടുന്ന തുക നല്‍കിയില്ലെങ്കില്‍ പെര്‍മിറ്റ് നല്‍കുകയില്ലെന്നാണ് ഭീഷണി. നഗരഭരണത്തിലുള്ള ഒരു പ്രമുഖന്റെ നേതൃത്വത്തിലാണ് അനധികൃത പിരിവെന്ന് ആക്ഷേപമുണ്ട്. വ്യാപകമായ പണപ്പിരിവിനേക്കുറിച്ചും അഴിമതിയേക്കുറിച്ചും അന്വേഷണമെന്നാവശ്യപ്പെട്ട് മോട്ടോര്‍ ഫെഡറേഷന് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ടോണി തോമസ് ജില്ലാ പോലീസ് ചീഫിനു പരാതി സമര്‍പ്പിച്ചു.
പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം കമ്മിറ്റി ആരോപണം നിഷേധിച്ചു.