വ്യവസായികള്‍ ഷീറ്റ് വാങ്ങാതായിട്ട് ഒരു മാസം പിന്നിടുന്നു
1479426
Saturday, November 16, 2024 5:33 AM IST
കോട്ടയം: ടയര്‍ വ്യവസായികള്‍ ഷീറ്റ് വാങ്ങാതായിട്ട് ഒരു മാസം പിന്നിടുന്നു. വിരലില്‍ എണ്ണാവുന്ന ആറോ ഏഴോ ടയര്‍ കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്ക് കര്‍ഷകരും ഡീലര്‍മാരും ഷീറ്റ് വിറ്റാല്‍ മതിയെന്നും വില അവര്‍ നിശ്ചയിക്കും എന്നുമുള്ള നിലപാടിലാണ് വ്യവസായികള്‍. റബര്‍ ബോര്‍ഡ് ആര്‍എസ്എസ് നാല് ഗ്രേഡിന് 184 രൂപയും ഗ്രേഡ് അഞ്ചിന് 181 രൂപയുമാണ് വിലയിട്ടിരിക്കുന്നത്.
വിദേശ മാര്‍ക്കറ്റില്‍ 197 രൂപ വിലയുണ്ടായിരിക്കെയാണ് റബര്‍ ബോര്‍ഡ് വില താഴ്ത്തി പ്രഖ്യാപിക്കുന്നത്. അഞ്ചു ശതമാനം മാത്രം തീരുവ നല്കി വേണ്ടിടത്തോളം കോമ്പൗണ്ട് റബര്‍ വ്യവസായികള്‍ ഇപ്പോഴും ഇറക്കുമതി ചെയ്തുകൊണ്ടിരിക്കുന്നു. തുലാമഴ ശക്തിപ്പെട്ടതോടെ കേരളത്തില്‍ ഉത്പാദനം നാമമാത്രമാണ്. കര്‍ഷകര്‍ ചരക്ക് താഴ്ന്ന വിലയില്‍ ഡീലര്‍മാര്‍ക്ക് വിറ്റഴിക്കുകയും ചെയ്തു. ചരക്ക് വ്യവസായികള്‍ വാങ്ങാതെ വന്നതോടെ ഡീലര്‍മാര്‍ സമ്മര്‍ദത്തിലാണ്.
കര്‍ഷകര്‍ സംഘടിതരായി ചരക്ക് പിടിച്ചുവയ്ക്കുന്ന സാഹചര്യമുണ്ടായാല്‍ വില ഉയര്‍ത്തി വാങ്ങാന്‍ വ്യവസായികള്‍ തയാറുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. റബര്‍ ബോര്‍ഡ് കമ്പനികളും സര്‍ക്കാര്‍ ഏജന്‍സികളും മാര്‍ക്കറ്റ് വിലയ്ക്ക് ഷീറ്റ് സംഭരിക്കണമെന്നും കര്‍ഷകര്‍ പറയുന്നു.
സമീപവര്‍ഷങ്ങളിലെ കാലാവസ്ഥാ വ്യതിയാനം റബര്‍ ഉത്പാദനം കുറച്ചു. ഒരു ഹെക്ടറിന് 2,500 കിലോഗ്രാം ഷീറ്റ് കിട്ടിയിരുന്നിടത്ത് ഇപ്പോള്‍ 1,500 മുതല്‍ 1,700 വരെയാണു ലഭിക്കുന്നത്. കിലോയ്ക്ക് 250 രൂപയ്ക്കു മുകളില്‍ എത്തിയ വില ഒന്നര മാസംകൊണ്ട് കുത്തനെ ഇടിഞ്ഞതും കര്‍ഷകരെ പ്രതിസന്ധിയിലാക്കി.
റബര്‍ ബോര്‍ഡിന്റെ കര്ഷകയോഗങ്ങള്ക്ക് 28നു തുടക്കം
കോട്ടയം: റബര്‍ കൃഷിമേഖലയിലെ സാധ്യതകളെക്കുറിച്ചും പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും കര്‍ഷകരുമായി ചര്‍ച്ച ചെയ്യുന്നതിനു റബര്‍ബോര്‍ഡ് ഏകദിന കര്ഷയോഗങ്ങള്ക്ക് തമിഴ്നാട്ടിലെ കുലശേഖരത്ത് 28ന് തുടക്കമാകും.
ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ബോര്‍ഡ് കര്‍ഷകയോഗങ്ങള്‍ നടത്തുന്നത്. ഇയുഡിആര്‍, റബറിന്റെ ഇ-വിപണനം, രോഗപ്രതിരോധമാര്‍ഗങ്ങള്‍ നടപ്പാക്കുന്നതില്‍ ഡ്രോണുകളുടെ ഉപയോഗം എന്നിവ ചര്‍ച്ച ചെയ്യും.
ഇരിട്ടി (കേരളം), ബെല്‍ത്തങ്ങാടി (കര്‍ണാടക), അഗര്‍ത്തല (ത്രിപുര), ഗുവാഹതി (അസം) എന്നിവിടങ്ങളില്‍ ഡിസംബര്‍ 17, 19, 2025 ജനുവരി ഏഴ്, 10 എന്നീ തീയതികളിലായിരിക്കും യോഗങ്ങള്‍ നടക്കുക. ഇവയുടെ തുടര്‍ച്ചയായി കോട്ടയത്ത് നടത്തുന്ന കര്‍ഷകയോഗത്തില്‍ റബര്‍ ആക്ട് 1947-ന്റെ പ്ലാറ്റിനം ജൂബിലിയോഘോഷങ്ങള്ക്കു സമാപനമാകും.