മൂവായിരത്തിലേറെ ഡയാലിസിസുകൾ പൂർത്തീകരിച്ച് ഉഴവൂർ ഗവ. ആശുപത്രി
1479472
Saturday, November 16, 2024 5:49 AM IST
ആറു രോഗികൾക്കുകൂടി ഇനിയും അവസരം
കുറവിലങ്ങാട്: ഉഴവൂർ കെ.ആർ. നാരായണൻ ആശുപത്രി മൂവായിത്തിലേറെ ഡയാലിസിസ് പൂർത്തീകരിച്ചു. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തപദ്ധതി നിർധന രോഗികൾക്ക് ഏറെ നേട്ടമാണ്. വൃക്കരോഗികൾ ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന സാധാരണ സാഹചര്യത്തിൽ ഗവ. ആശുപത്രി സമ്മാനിക്കുന്ന സൗജന്യചികിത്സ ഏറെ ആശ്വാസമാണ്.
ആശുപത്രിയിൽ ഒൻപത് ഡയാലിസിസ് മെഷീനുകളാണ് ഇപ്പോഴുള്ളത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവർക്കും ചികിത്സനൽകാൻ കഴിഞ്ഞിട്ടുണ്ട്. ഇനിയും ആറു പേർക്കുകൂടി അവസരമുണ്ട്. ബ്ലോക്ക് പഞ്ചായത്താണ് ഡയാലിസിസ് യൂണിറ്റിന്റെ സേവനത്തിനാവശ്യമായ ഫണ്ട് വകയിരുത്തുന്നത്. 20 ലക്ഷം രൂപയാണ് ശമ്പള ഇനത്തിലും കിറ്റ് വാങ്ങുന്നതിനുമായി ഡയാലിസിസിനായി ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിക്കുന്നത്.
ഡയാലിസിസിനൊപ്പം ശസ്ത്രക്രിയാരംഗത്തും വലിയ സേവനം ആശുപത്രി സമ്മാനിക്കുന്നുണ്ട്. നൂ150-ലധികം ശസ്ത്രക്രിയകൾ ചുരുങ്ങിയ കാലയളവിൽ ആശുപത്രിയിൽ പൂർത്തീകരിച്ചിട്ടുണ്ട്. നാല് വർഷമായി ഉണങ്ങാത്ത വ്രണവുമായി കഴിഞ്ഞിരുന്ന രോഗിക്ക് സ്കിൻ ഗ്രാഫ്റ്റിംഗിലൂടെ രോഗം ഭേദമാക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
വിദഗ്ധമായ പരിശോധനയിലൂടെ അർബുദം കണ്ടെത്തുന്നതിനുള്ള അവരസമൊരുക്കിയിരുന്നു. ഒറ്റദിവസം മൂന്ന് മേജർ ശസ്ത്രക്രിയകളടക്കം നടത്താനുള്ള സൗകര്യം ആശുപത്രിയിലെ ഓപ്പേറേഷൻ തിയേറ്ററിനുള്ളതായി ആശുപത്രി നിയന്ത്രണാധികാരികളായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് എന്നിവർ പറഞ്ഞു.
ഫിസ്റ്റുല, ഹെർണിയ, ചെറിയ മുഴകൾ തുടങ്ങിയവയുടെ ശസ്ത്രക്രിയകളും നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്ത് അനുവദിച്ച എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ശസ്ത്രക്രിയയ്ക്കുള്ള സൗകര്യങ്ങൾ ക്രമീകരിച്ചത്. ബ്ലോക്ക് പഞ്ചായത്തിന്റെയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ഡോക്ടർമാരുടെ സേവനത്തെ അഭിനന്ദിച്ചു.