സ്നേഹവണ്ടികളുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ സ്കൂൾ
1432205
Friday, June 28, 2024 10:59 PM IST
ചെമ്മലമറ്റം: സഹജീവികളോടുള്ള കാരുണ്യവും കരുതലും മുറുകെപ്പിടിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ നടപ്പാക്കുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സ്നേഹവണ്ടി ഓടിത്തുടങ്ങി.
എല്ലാ ചൊവ്വാഴ്ചകളിലുമാണ് മണിയംകുളം രക്ഷാഭവനിലേക്ക് ഭക്ഷണപ്പൊതികളുമായി സ്നേഹവണ്ടി കടന്നുചെല്ലുന്നത്. സ്കൂളിലെ ആയിരത്തോളം വിദ്യാർഥികളും അധ്യാപകരും ഇതിൽ പങ്കാളികളാകുന്നു. ഓരോ ആഴ്ചയിലും 60 പൊതിച്ചോറുകളാണ് രക്ഷാഭവനിൽ എത്തിക്കുന്നത്. വിദ്യാർഥികൾ നേരിട്ട് ഭക്ഷണപ്പൊതി നൽകുന്നതോടൊപ്പം അവരോടൊത്ത് അല്പസമയം ചെലവഴിക്കാനും സംസാരിക്കാനും വിദ്യാർഥികൾക്ക് അവസരം ഒരുക്കുന്നു.
പഠന-പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം കാരുണ്യ പ്രവൃത്തികളിലൂടെ വിദ്യാർഥികളിൽ സഹജീവികളോടുള്ള കരുണയും കരുതലും ഉളവാക്കാൻ സാധിക്കുമെന്ന് ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പറഞ്ഞു. കോ-ഓർഡിനേറ്റർ സിസ്റ്റർ സ്മിത ജോസഫ്, അധ്യാപകരായ സെബാസ്റ്റ്യൻ മാത്യു, ജിജി ജോസഫ്, അജു ജോർജ്, ജോർജ് സി. തോമസ്, വിദ്യാർഥി പ്രതിനിധികൾ തുടങ്ങിയവർ നേതൃത്വം നൽകുന്നു.