സംസ്ഥാന സ്കൂള്‍ കായികമേള: ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിക്ക് കോട്ടയത്ത് സ്വീകരണം നല്കി
1466020
Sunday, November 3, 2024 4:39 AM IST
കോട്ടയം: സംസ്ഥാന സ്കൂള്‍ കായികമേളയിലെ കിരീടജേതാക്കള്‍ക്കുള്ള ചീഫ് മിനിസ്റ്റേഴ്സ് ട്രോഫിയും വഹിച്ചുള്ള വാഹനജാഥയ്ക്കു മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ കോട്ടയത്ത് വന്‍ വരവേല്‍പ്പ്. നാലു മുതല്‍ 11 വരെ എറണാകുളത്ത് നടക്കുന്ന കായികമേളയില്‍ ഓവറോള്‍ ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്ക് നല്‍കുന്നതിനുള്ള എവര്‍റോളിംഗ് ട്രോഫിയുമായുള്ള ജാഥയ്ക്ക് കോട്ടയം എംടി സെമിനാരി സ്കൂളിലാണ് സ്വീകരണമൊരുക്കിയത്.
കോട്ടയം സെന്റ് ജോസഫ്സ് സ്കൂള്‍ പരിസരത്തുനിന്ന് ബാന്‍ഡുമേളത്തിന്റെയും കളരി അഭ്യാസ പ്രകടനങ്ങളുടെയും അകമ്പടിയോടെ എംടി സെമിനാരി സ്കൂള്‍ അങ്കണത്തിലേക്ക് ആനയിച്ചു. സ്വീകരണയോഗം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. മേളയില്‍ പങ്കെടുക്കുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കുള്ള ജഴ്സി ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ബൈജു വര്‍ഗീസ് ഗുരുക്കള്‍ പ്രകാശനം ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി.എന്‍. ബിജി, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സുബിന് പോള്‍, സര്‍വ ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം മാനേജര്‍ കെ.ജെ. പ്രസാദ്, ഡിഇഒ കെ.സിനിമോള്‍, ആര്ഡിജിഎസ്എ സെക്രട്ടറി എബി ചാക്കോ, ജില്ലാ സ്പോര്‍ട്സ് കോ ഓർഡിനേറ്റര്‍ ബിജു ആന്റണി, ജാഥാ ക്യാപ്റ്റന്‍ ബിജു വര്‍ഗീസ്, എം.ടി. സെമിനാരി സ്കൂള്‍ മാനേജര്‍ റവ. ഡോ. വി.എസ്. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ മേരി ജോണ്‍, ഹെഡ്മാസ്റ്റര് റൂബി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 125 കുട്ടികളടക്കം 1385 കുട്ടികളാണ് കായികമേളയില്‍ ജില്ലയില്‍നിന്ന് പങ്കെടുക്കുന്നത്.