നഗരത്തിലെത്തുന്ന ആളുകളും വാഹനങ്ങളും ചങ്ങനാശേരി പോലീസിന്റെ കണ്ണില്‍പ്പെടും
1466784
Tuesday, November 5, 2024 8:17 AM IST
ചങ്ങനാശേരി: നഗരത്തിലെത്തുന്ന ആളുകളും വാഹനങ്ങളും ചങ്ങനാശേരി പോലീസിന്റെ കണ്ണില്‍പ്പെടാതെ പോകില്ല. സിസിടിവി ദൃശ്യങ്ങള്‍ മോഷ്ടാക്കളെയും കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നവരെയും പിടികൂടാന്‍ പോലീസിനു സഹായകമാകുന്നു.
നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി കാമറകൾ ഒപ്പിയെടുക്കുന്ന ദൃശ്യങ്ങളാണ് ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ 24 മണിക്കൂറും ലഭ്യമാകുന്നത്.
നഗരത്തിലെ സ്വകാര്യ ബസ്സ്റ്റാന്‍ഡുകള്‍, ളായിക്കാട്, എസ്എച്ച്, റെയില്വേസ്റ്റേഷന്, പാലാത്രച്ചിറ, സെന്‍ട്രല്‍ ജംഗ്ഷന്, ഹെഡ് പോസ്റ്റ് ഓഫീസ്, രാജേശ്വരി, പെരുന്ന റെഡ്സ്ക്വയര്‍, അഞ്ചുവിളക്ക്, മാര്‍ക്കറ്റ് തുടങ്ങിയ കേന്ദ്രങ്ങളിലാണ് കാമറകള്‍ കണ്ണു തുറന്നിരിക്കുന്നത്.
ഈ സിസി ടിവി കാമറകളില്‍നിന്നുള്ള ദൃശ്യങ്ങളെല്ലാം പോലീസ് സ്റ്റേഷനിലെ വലിയ സ്ക്രീനില്‍ അപ്പപ്പോള്‍ തെളിയും. ഇതു വീക്ഷിക്കാന്‍ 24മണിക്കൂറും പോലീസുകാരെ നിയോഗിച്ചിട്ടുണ്ട്. ദൃശ്യങ്ങളുടെ ഫോട്ടോകളും വീഡിയോകളും ബാക്ക്അപ്പും എടുക്കാനുള്ള ക്രമീകരണങ്ങളുമുണ്ട്.
ജോബ് മൈക്കിള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 55 ലക്ഷം രൂപ മുടക്കി ഒരു വര്‍ഷം മുമ്പാണ് പദ്ധതി നടപ്പിലാക്കിയത്. ക്രമസമാധാന പാലനത്തിനും ഗതാഗതനിയമലംഘനങ്ങള്‍, മാലിന്യം വലിച്ചെറിയല്‍ തുടങ്ങിയവ പിടികൂടാനും കാമറ സഹായകമാണെന്നു പോലീസ് പറയുന്നു.