വായനാ വിസ്മയവുമായി പാലാ അല്‍ഫോന്‍സാ കോളജ് ലൈബ്രറി
1466696
Tuesday, November 5, 2024 7:12 AM IST
പാലാ: വായനയുടെ വിസ്മയ ലോകത്തിലേക്ക് യുവജനങ്ങളെ ആകര്‍ഷിക്കാന്‍ ആധുനിക ലൈബ്രറിയുടെ മാനദണ്ഡമനുസരിച്ച് പുതിയ ലൈബ്രറി സമുച്ചയം അല്‍ഫോന്‍സാ കോളജില്‍ ആരംഭിച്ചു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ഒരു കോടി 30 ലക്ഷം രൂപ ചെലവിലാണ് ഡിജിറ്റല്‍ സംവിധാനങ്ങളോടു കൂടിയ ആധുനിക ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. വിജ്ഞാനം വിരല്‍ത്തുമ്പില്‍ എന്നതാണ് പുതിയ ലൈബ്രറിയുടെ ആപ്തവാക്യം. ഏറ്റവും ആധുനിക ഇരിപ്പിടങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. നൂറുകണക്കിന് ഇന്‍ഡോര്‍ പ്ലാന്റ്സും സജ്ജമാക്കിയിട്ടുണ്ട്. ഇത് വായനയ്ക്ക് ഉന്മേഷം പകരുന്നു.
വിവിധ വിജ്ഞാന മേഖലകളിലെ 50000 ല്‍ പരം പുസ്തകങ്ങളുടെ അപൂര്‍വ ശേഖരം ലൈബ്രറിയിലുണ്ട്. ലോകത്തിലെ പ്രസിദ്ധമായ എല്ലാ മാസികകളും ലഭ്യമാണ്. ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് കാഴ്ച വൈകല്യമുള്ള വിദ്യാര്‍ഥിനികള്‍ക്ക് സ്ക്രീന്‍ റീഡര്‍ സൗകര്യവും നിരവധി ഇ ബുക്കുകളും ലഭ്യമാണ്. ആവശ്യമെങ്കില്‍ ബ്രയ്ലി ലിപി ട്രെയിനിംഗിനുമുള്ള സൗകര്യമുണ്ട്.
കവാടത്തില്‍ സ്ഥാപിച്ചിരിക്കുന്ന പുസ്തക മരവും ജലധാരയും 100 ചിറകുള്ള പുസ്തകവും വായനക്കാര്‍ക്ക് കൗതുകമാണ്. രണ്ടു നിലകളിലായാണ് ലൈബ്രറി സജ്ജീകരിച്ചിരിക്കുന്നത്. നിശബ്ദ വായന ഏരിയായും ലൈബ്രറി കഫറ്റീരിയായും പൂന്തോട്ട ലൈബ്രറിയും നവ്യമായ വായനയുടെ ഉയരങ്ങളിലേക്ക് വായനക്കാരെ നയിക്കുന്നു. ലൈബ്രറിയിലെ മിനി സെമിനാര്‍ ഹാള്‍ ചര്‍ച്ചകള്‍ക്ക് വേദിയാകുന്നു.
കോളജ് മാനേജര്‍ റവ. ഡോ. ജോസഫ് തടത്തില്‍, പ്രിന്‍സിപ്പല്‍ ഡോ. ഷാജി ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു, ഡോ.സിസ്റ്റര്‍ മഞ്ജു എലിസബത്ത് കുരുവിള, കോളജ് ബര്‍സാര്‍ ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, ലൈബ്രേറിയന്‍ ബിജിമോള്‍ സാബു, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവരുടെ പരിശ്രമത്തിന്റെ ഫലമാണ് പുതിയ ലൈബ്രറി. ശനിയാഴ്ച ദിവസങ്ങളില്‍ കോളജിന് പുറത്തുള്ളവര്‍ക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.