റബര്‍ ടാപ്പിംഗ് നിലച്ചു; വില 150ലേക്ക് താഴ്ത്താന്‍ റബര്‍ ബോര്‍ഡ്
1466714
Tuesday, November 5, 2024 7:13 AM IST
കോട്ടയം: റബര്‍ വില വൻ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ചെറുകിട കര്‍ഷകരില്‍ ഏറെപ്പേരും ടാപ്പിംഗ് നിർത്തുന്നു. ഇപ്പോഴത്തെ തോതില്‍ വിലയിടിവ് തുടര്‍ന്നാല്‍ തുലാമഴയ്ക്കു ശേഷം ടാപ്പിംഗ് പുനരാരംഭിക്കാന്‍ കര്‍ഷകര്‍ താത്പര്യപ്പെട്ടെന്നു വരില്ല.
വ്യവസായികളുടെ താത്പര്യം സംരക്ഷിക്കാന്‍ ഈ മാസം ഷീറ്റ് വില 150 രൂപയിലേക്ക് റബര്‍ ബോര്‍ഡ് ഇടിച്ചു താഴ്ത്തുമെന്നാണ് സൂചന. ഉത്പാദനം ഏറ്റവും ലഭിക്കുന്ന ഡിസംബര്‍, ജനുവരി മാസങ്ങളില്‍ 130 രൂപയിലേക്ക് വില താഴ്ത്തി റബര്‍ കൃഷി കേരളത്തില്‍ വെട്ടിനിരത്താനുള്ള നീക്കമാണ് അണിയറയിലേതെന്ന് കര്‍ഷകര്‍ ആശങ്കപ്പെടുന്നു.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ടാപ്പിംഗ് കൂലി നല്‍കാനുള്ള വരുമാനം റബറില്‍നിന്ന് ലഭിക്കുന്നില്ല. ഒരു മാസമായി വ്യവസായികള്‍ മാര്‍ക്കറ്റ് വിട്ടുനില്‍ക്കുന്നതിനാല്‍ സ്റ്റോക്ക് വിറ്റഴിക്കാനാവാതെ വ്യാപാരികളും പ്രതിസന്ധിയിലാണ്. 190 രൂപയ്ക്ക് കര്‍ഷകരില്‍നിന്നു വാങ്ങിയ ചരക്ക് വില്‍ക്കാതെ നഷ്ടം നേരിടുന്ന ഒരു നിര വ്യാപാരികളുമുണ്ട്. ദിവസേന വില കുറയ്ക്കുന്നതിനാല്‍ റബര്‍ ബോര്‍ഡിന്റെ പ്രഖ്യാപിത വിലയേക്കാള്‍ കിലോയ്ക്ക് ഏഴു രൂപ താഴ്ത്തിയാണ് വ്യാപാരികള്‍ ഷീറ്റ് വാങ്ങുന്നത്.
പ്രഖ്യാപിത വിലയെക്കാള്‍ പത്തു രൂപ താഴ്ത്തി വ്യാപാരികളില്‍ നിന്ന് ഷീറ്റ് വാങ്ങാമെന്ന നിലപാടിലാണ് ഏതാനും ടയര്‍ കമ്പനികള്‍. ആറ് മുന്‍നിര ടയര്‍ കമ്പനികള്‍ ചരക്കെടുക്കാതായിട്ട് ഒരു മാസം പിന്നിടുന്നു. ഇക്കൊല്ലം ജൂണ്‍ പത്തിനാണ് റബര്‍ വില 200 കടന്നത്.
ആ മുന്നേറ്റം ഓഗസ്റ്റ് ഒന്‍പതിന് 247 രൂപയിലെത്തി റിക്കാര്‍ഡ് കുറിച്ചു. അതേ ദിവസങ്ങളില്‍ വ്യവസായികള്‍ 255 രൂപയ്ക്ക് വരെ ഷീറ്റ് വാങ്ങാനുള്ള താത്പര്യത്തിലായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ വില 180 രൂപയിലേക്ക് കൂപ്പുകുത്തി. അതായത് ഒരു കിലോ റബറിന് 80 രൂപയുടെ വീഴ്ച. നിലവില്‍ 170 രൂപയ്ക്കുപോലും ചരക്ക് വിറ്റുപോകില്ലെന്ന സാഹചര്യത്തിലാണ് കര്‍ഷകര്‍ ടാപ്പിംഗ് നിർത്താന്‍ നിര്‍ബന്ധിതരാകുന്നത്.
പുകപ്പുര ഉണക്കുകൂലികൂടി കണക്കാക്കിയാല്‍ ഷീറ്റില്‍നിന്ന് യാതൊരു നേട്ടവുമില്ല. ഈ സാഹചര്യത്തിലാണ് ലാറ്റക്സ് വില്ക്കാന് ഏറെപ്പേരും താത്പര്യപ്പെടുന്നത്. ഒരു വിഭാഗം ചണ്ടിപ്പാല് വില്‍ക്കുന്നു. റബര്‍ വിപണിയിലെ ഉത്പാദനവും ഉപയോഗവും ഇറക്കുമതിയും പോലുള്ള കണക്കുകള്‍ റബര്‍ ബോര്‍ഡ് പ്രസിദ്ധീകരിക്കാത്തതിനാല്‍ വരും മാസങ്ങളിലെ വിലസാധ്യതയെപ്പറ്റി കര്‍ഷകര്‍ക്ക് യാതൊരു ധാരണയുമില്ല. ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ മൂന്നു ലക്ഷം ടണ്‍ ഇറക്കുമതിയുണ്ടെന്ന് റബര്‍ ബോര്‍ഡ് മുന്നറിപ്പ് നല്കിയിരുന്നെങ്കില് കര്‍ഷകര്‍ക്ക് ഇത്രവലിയ പ്രതിസന്ധിയുണ്ടാകുമായിരുന്നില്ല. ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ യാതൊരു താത്പര്യവും കാണിക്കുന്നുമില്ല.
വ്യവസായികളുടെ കൊള്ള തടയുന്നില്ല
കോട്ടയം: രാജ്യാന്തര തലത്തില്‍ സ്വാഭാവിക റബറിന്റെ ഉത്പാദനത്തില്‍ 25 ശതമാനം കുറവുണ്ടാവുകയും അന്തര്‍ദേശീയ വില ആഭ്യന്തര വിലയെക്കാള്‍ കൂടിനിന്നിട്ടും കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്കു മിനിമം വില പോലും ലഭിക്കുന്നില്ല. റബര്‍ സംഭരിക്കാന്‍ സര്‍ക്കാര്‍ തല ഏജന്‍സികള്‍ തയാറാവാത്ത സാഹചര്യമാണ് കര്‍ഷകരെ വലയ്ക്കുന്നത്. ടയര്‍ കമ്പനികളുടെ ചൂഷണം തടയുന്നതിലും സര്‍ക്കാരിനു വലിയ വീഴ്ചയുണ്ട്.
ടയര്‍ ഉത്പന്നങ്ങളുടെ സിയോന്‍ (സ്റ്റാന്‍ഡേര്‍ഡ് ഇന്‍ പുട്ട് ഔട്ട് പുട്ട് നോം സ് )റേറ്റുകള്‍ കാലോചിതമയി സര്‍ക്കാര്‍ പുതുക്കുന്നില്ല. നൂറു കിലോ തൂക്കമുള്ള ഒരു ടയറില്‍ 44 കിലോ സ്വാഭാവിക റബര്‍ ഉണ്ടെന്നാണ് 2010ല്‍ ഇറക്കിയ കണക്ക്.
ഈ നിരക്കില്‍ ഇപ്പോഴും തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്തു വരുന്നു. എന്നാല്‍ ഇന്ന് സാങ്കേതിക വിദ്യയില്‍ മാറ്റം വന്നതോടെ 20 ശതമാനം മാത്രമാണ് ടയറില്‍ സ്വാഭാവിക റബറിന്റെ ചേരുവ. ഇതിലൂടെ കോടികളുടെ നികുതി വെട്ടിപ്പും നികുതി ഇല്ലാതെയുള്ള ഇറക്കുമതിയും തുടരുകയാണ്. ഇക്കാര്യം വ്യക്തമായിട്ടും തട്ടിപ്പ് തടയാന്‍ ഒരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല.
കോമ്പൗണ്ട് റബര്‍ ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് അഞ്ചു ശതമാനം മുതല്‍ പത്ത് ശതമാനം വരെ തീരുവയില്‍ ഇറക്കുമതി നടക്കുന്നു.
ഇത് സ്വാഭാവിക റബറിന്റെ നിരക്കായ 25 ശതമാനത്തിലേക്ക് ഉയര്‍ത്താന്‍ തയാറായാല്‍ റബര്‍ വിലയില്‍ മാറ്റം വരും. നിലവില്‍ 60 ശതമാനം വരെ ഇറക്കുമതി കോമ്പൗണ്ട് റബറാണ്.