ലഹരിമാഫിയയെ തളയ്ക്കാന്‍ ജനപ്രതിനിധികളുടെ സഹകരണം തേടി എക്സൈസ്
1466478
Monday, November 4, 2024 6:08 AM IST
പാലാ: അനധികൃത മദ്യ-മയക്കുമരുന്ന് മാഫിയയ്ക്കെതിരേ ശക്തമായ നടപടിയെടുക്കാന്‍ ഒരുങ്ങി പാലാ എക്സൈസ് സര്‍ക്കിള്‍ അധികൃതര്‍. ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സഹകരണം ഉറപ്പാക്കിയാണ് ലഹരി മാഫിയയെ തളയ്ക്കാന്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ മുന്നിട്ടിറങ്ങുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരികളുടെ സഹകരണത്തോടുകൂടി റെയ്ഡും മറ്റ് അന്വേഷണങ്ങളും വ്യാപിപ്പിക്കാനാണ് എക്സൈസ് അധികൃതര്‍ ലക്ഷ്യമിട്ടിട്ടുള്ളത്.
വിവിധ നഗരസഭകളിലും പഞ്ചായത്തുകളിലും അതത് കമ്മിറ്റിയോഗങ്ങള്‍ നടക്കുന്ന ദിവസം എക്സൈസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങള്‍ ജനപ്രതിനിധികളെ നേരിട്ടറിയിക്കുകയാണ്. വാര്‍ഡുകളില്‍ എവിടെയെങ്കിലും വ്യാജ മദ്യവില്പനയോ മയക്കുമരുന്ന്, കഞ്ചാവ് പോലുള്ള വസ്തുക്കളുടെ വിപണനമോ ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കണമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടും.
പ്രധാനപ്പെട്ട ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകളും ജനപ്രതിനിധികള്‍ക്കും അവര്‍വഴി പൊതുജനങ്ങള്‍ക്കും ലഭ്യമാക്കും. വിവരങ്ങള്‍ നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ എക്സൈസ് അധികൃതര്‍ രഹസ്യമായി സൂക്ഷിക്കും. രഹസ്യാന്വേഷണങ്ങളിലൂടെ ഉറപ്പിച്ചശേഷമാകും റെയ്ഡും മറ്റ് തുടര്‍നടപടികളും സ്വീകരിക്കുക.
മീനച്ചില്‍ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത മദ്യവില്പനയും മയക്കുമരുന്ന് വിപണനവും ഉപയോഗവും വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാലാ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരെത്തി കൗണ്‍സിലര്‍മാരെ അഭിസംബോധന ചെയ്യുകയും മദ്യ-മയക്കുമരുന്ന് മാഫിയയെ പിടികൂടാന്‍ സഹകരണം അഭ്യര്‍ത്ഥിക്കുകയും ചെയ്തു. പാലാ എക്സൈസ് സിഐ ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെക്സി ജോസഫ് എത്തിയാണ് കാര്യങ്ങള്‍ വിശദീകരിച്ചത്.
ആര്‍ക്കും വിവരം നല്‍കാം
മീനച്ചില്‍ താലൂക്കില്‍ എവിടെയെങ്കിലും മദ്യ- മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ജനപ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കുമൊക്കെ വിവരം നല്‍കാം. ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യാന്വേഷണം നടത്തി ഉറപ്പിച്ചശേഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം കെ പ്രസാദ് പറഞ്ഞു.
രഹസ്യവിവരങ്ങള്‍ കൈമാറാനുള്ള ഫോണ്‍ നമ്പര്‍: 9400069511 (എക്സൈസ് സി.ഐ., പാലാ), 9495444802 - ജെക്സി ജോസഫ്, അസി. എക്സൈസ് ഇന്‍സ്പെക്ടര്‍, സി.ഐ. ഓഫീസ്, പാലാ.