വാക്കുതർക്കം സംഘർഷമായി, കല്ലുകൊണ്ടുള്ള ഇടിയേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
1466777
Tuesday, November 5, 2024 8:17 AM IST
വെച്ചൂർ: വാക്കുതർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ കല്ലുകൊണ്ടുള്ള ഇടിയേറ്റ് വീട്ടമ്മയുടെ തലയ്ക്ക് പരിക്ക്. വെച്ചൂർ മുച്ചൂർക്കാവ് സ്വദേശിനിയാണ് സമീപവാസിയുടെ ആക്രമണത്തിനിരയായത്. വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയുടെ തലയിലെ മുറിവിൽ ആറു തുന്നലുണ്ട്.
ശനിയാഴ്ച വൈകുന്നേരം നാലോടെ മുച്ചൂർക്കാവ് കമ്യൂണിറ്റി സെന്ററിനു സമീപമായിരുന്നു സംഭവം. വെച്ചൂരിലെ മുച്ചൂർകാവിൽ ഗുണ്ടാസംഘാംഗങ്ങളെ താമസിപ്പിക്കുന്ന കുടുംബത്തിനെതിരേ പ്രദേശവാസികൾ പ്രതിഷേധപ്രകടനം നടത്തിയപ്പോൾ ആക്രമിക്കപ്പെട്ട വീട്ടമ്മയും പങ്കെടുത്തിരുന്നു. നാട്ടുകാരുടെ പ്രതിഷേധം മാധ്യമ വാർത്തയാതോടെ തന്റെ കുടുംബത്തെ ഒറ്റപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടത്തിയ സ്ത്രീ മറ്റുള്ളവരുമായി വാക്കുതർക്കത്തിലേർപ്പെട്ടത്. തർക്കം സംഘർഷമായതോടെ ഇവർ വീട്ടമ്മയെ തള്ളി വീഴ്ത്തി കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ഗുണ്ടാ സംഘങ്ങൾ തമ്പടിക്കുന്ന വീട്ടിലെ സ്ത്രീയാണ് വീട്ടമ്മയെ തള്ളിവീഴ്ത്തി തലയ്ക്ക് കല്ലിനിടിച്ചതെന്നാണ് പരാതി. രണ്ടാഴ്ച മുമ്പ് ഇവിടെയൊരാൾക്ക് കുത്തേറ്റിരുന്നു.
സംഭവത്തിൽ വൈക്കം പോലീസ് പരിക്കേറ്റ സ്ത്രീയുടെ മൊഴിയെടുത്തു. എന്നാൽ മാധ്യമങ്ങളോട് പ്രതികരിക്കുന്നതും വാർത്തയാകുന്നതും വീണ്ടും ആക്രമണത്തിനിട വരുത്തുമെന്ന ഭീതിയിലാണ് നാട്ടുകാർ. അതുകൊണ്ട് പരിക്കേറ്റയാളുടെ ദൃശ്യം തരാനോ പ്രതികരിക്കാനോ പ്രദേശവാസികൾ തയാറായില്ല. ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം വാർത്തയായതോടെ മാറിനിന്ന ക്രിമിനൽ സംഘം വീണ്ടും പ്രദേശത്തെ വീട്ടിൽ എത്തിത്തുടങ്ങിയതായി പ്രദേശവാസികൾ പറഞ്ഞു. പോലീസ് നടപടി പ്രഹസനമാണെന്നും ലൈറ്റിട്ടു പേരിനെത്തുന്ന പട്രോളിംഗ് വാഹനം കണ്ട് അവിടെത്തന്നെ ഒളിക്കുന്ന ഗുണ്ടാസംഘങ്ങൾ വാഹനം പോകുന്പോൾ വീണ്ടും രംഗത്തുവരുകയാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
വെച്ചൂർ പഞ്ചായത്ത് ഇടപെട്ട് സർവകക്ഷി യോഗം വിളിച്ച് പ്രശ്നപരിഹാരമുണ്ടാക്കണമെന്നും ജില്ലാഭരണകൂടവും പോലീസ് മേധാവികളും ഇടപെട്ട് പ്രദേശവാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നുമാണ് ആവശ്യമുയരുന്നത്. നാട്ടിൽ ക്രിമിനൽ സംഘങ്ങളുടെ തേർവാഴ്ചയുണ്ടായിട്ടും പ്രതികരിക്കാൻ രാഷ്ട്രീയ പാർട്ടികളൊന്നും തയാറാകാത്തതിലും പരക്കെ അമർഷമുണ്ട്.