വൈദികന് ചമഞ്ഞെത്തി വീട്ടമ്മയുടെ സ്വര്‍ണവും പണവും കവര്‍ന്നു
1466713
Tuesday, November 5, 2024 7:13 AM IST
പൂഞ്ഞാര്‍: പൂഞ്ഞാര്‍ മുക്കുഴിയില്‍ വൈദികന് ചമഞ്ഞെത്തി വീട്ടമ്മയുടെ സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ മുക്കുഴി തൊട്ടിപ്പാറ ചിറ്റാനപ്പാറയില്‍ വത്സമ്മ ഈരാറ്റുപേട്ട പോലീസില്‍ പരാതി നല്കി. ഒറ്റയ്ക്ക് താമസിക്കുന്ന വിധവയായ വത്സമ്മയെ ബോധരഹിതയാക്കിയാണ് മോഷണം നടത്തിയത്.
വത്സമ്മ പൂഞ്ഞാറിലുള്ള ഒരു വീട്ടിലേക്കു ജോലിക്കു പോകാനായി ഇറങ്ങുമ്പോഴാണ് ഇയാള്‍ ബൈക്കിലെത്തിയത്. താന്‍ വൈദികനാണെന്നും പള്ളിയില്‍നിന്നു മൂന്നു ലക്ഷം രൂപ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും അറിയിക്കുകയായിരുന്നു. ഇതിന്റെ നടപടികളുടെ ഭാഗമായി വിവിധ രേഖകള്‍ വേണമെന്നു പറഞ്ഞ് ഇയാള്‍ വീട്ടിലേക്ക് കയറി. ഇതിനിടെ പ്രാര്‍ഥിക്കുകയും ജപമാല നല്‍കുകയും ചെയ്തു.
ജപമാലയില്‍ മുത്തുന്നതിനിടെ വീട്ടമ്മ ബോധരഹിതയാവുകയായിരുന്നു. ബോധം തെളിഞ്ഞപ്പോഴാണ് കഴുത്തിലുണ്ടായിരുന്ന മാലയും 1,000 രൂപയും നഷ്ടമായതായി മനസിലായത്. ഹെല്‍മറ്റ് ധരിച്ചെത്തിയ ആള് ഹെല്‍മറ്റ് ഊരിയിരുന്നില്ല. വീട്ടില്‍ ആളെത്തിയത് അയല്‍വാസികള്‍ കണ്ടെങ്കിലും പരിചയക്കാരനായിരിക്കുമെന്നാണ് കരുതിയത്. തുടര്‍ന്ന് വത്സമ്മ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
അതേസമയം, സമാനമായ സംഭവത്തില്‍ അടൂരില്‍ തിരുവനന്തപുരം സ്വദേശിയെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി ഷിബു എസ്. നായരാണ് പിടിയിലായത്. ഇയാളുടെ ഫോട്ടോ കണ്ട് വത്സമ്മ തിരിച്ചറിഞ്ഞതായാണ് സൂചന.
വിവിധ ജില്ലകളിലായി 36ല്‍പ്പരം കേസുകളാണ് ഇയാള്‍ക്കെതിരേയുള്ളത്. ഏനാദിമംഗലത്താണ് സമാനരീതിയില്‍ പള്ളിയില്‍നിന്നു ലോണ്‍ അനുവദിച്ചെന്ന് പറഞ്ഞ് വീട്ടില്‍കയറി സ്വര്‍ണം തട്ടിയത്.