മുനന്പം വഖഫ് വിഷയം: ഉമിക്കുപ്പ ലൂർദ് മാതാ ഇടവക പ്രതിഷേധിച്ചു
1466475
Monday, November 4, 2024 6:08 AM IST
ഉമിക്കുപ്പ: മുനന്പം വഖഫ് വിഷയത്തിൽ എത്രയും വേഗം നടപടികൾ സ്വീകരിച്ച് സമാധനം പുനഃസ്ഥാപിക്കണമെന്ന് ഉമിക്കുപ്പ ലൂർദ് മാതാ ഇടവക പൊതുയോഗം സർക്കാരിനോടാവശ്യപ്പെട്ടു. ഹൈന്ദവനും ക്രൈസ്തവനും താമസിക്കുന്ന മുനന്പം പ്രദേശം വഖഫ് ബോർഡ് അനധികൃതമായി പിടിച്ചെടുക്കാനുള്ള നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണ്.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സർക്കാർ നിഷ്ക്രിയത്വം വെടിഞ്ഞ് സത്വരനടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചുകൊണ്ട് ഗവർണർക്കും മുഖ്യമന്ത്രിക്കും മെമ്മോറാണ്ടം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിനെ സോഷ്യൽ മീഡിയ, യുടൂബ് ചാനൽ എന്നിവയിലൂടെ വ്യക്തിഹത്യ നടത്തുന്നതിനെ യോഗം പ്രതിഷേധിച്ചു.
സമൂഹത്തിൽ തിന്മ വിതയ്ക്കുന്ന ഇത്തരം ചാനലുകളെ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫാ. തോമസ് പാലയ്ക്കൽ, ജോസുകുട്ടി പുല്ലാട്ട്, ടോമി പൂവാട്ടിൽ, കുഞ്ഞുമോൻ വെട്ടിക്കലോലിക്കൽ, ഷാനിച്ചൻ കരിനാട്ട്, സിസ്റ്റർ റോസിയ സിഎംസി, സജി കരോട്ടുപുതിയത്ത്, ബെന്നി വെട്ടിപ്ലാക്കൽ, ലാലു മാളിയേക്കൽ എന്നിവർ പ്രസംഗിച്ചു.