അയ്യപ്പഭക്തരോട് അവഗണനയെന്ന്; കർപ്പൂരാഴി തെളിച്ച് സമരം
1466700
Tuesday, November 5, 2024 7:12 AM IST
ഇളങ്ങുളം: എലിക്കുളം പഞ്ചായത്ത് ശബരിമല തീർഥാടകരോട് അവഗണന കാട്ടുകയാണെന്ന് ആരോപിച്ച് ബിജെപി എലിക്കുളം പഞ്ചായത്ത് കമ്മിറ്റി സമരം നടത്തി. ഇളങ്ങുളം അമ്പലം കവലയിൽ കർപ്പൂരാഴി കത്തിച്ചായിരുന്നു പ്രതിഷേധസമരം. ശബരിമല ഫണ്ട് ലഭിച്ചിട്ടും തീർഥാടകർക്ക് ആവശ്യമായ സൗകര്യമൊരുക്കുന്നില്ലെന്ന് നേതാക്കൾ ആരോപിച്ചു.
എലിക്കുളം പഞ്ചായത്ത് പരിധിയിലൂടെ കടന്നുപോകുന്ന പിപി റോഡിൽ വഴിവിളക്കുകൾ സ്ഥാപിക്കണം, റോഡിന്റെ ഇരുവശവും കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി നടക്കാൻ കാടുതെളിക്കണം, ശൗചാലയസമുച്ചയം തുറന്നുകൊടുക്കണം തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.
ബിജെപി ഭരണങ്ങാനം നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.ആർ. സരീഷ്കുമാർ, ജില്ലാകമ്മിറ്റിഅംഗം രഘുനാഥ് പനമറ്റം, ന്യൂനപക്ഷമോർച്ച ദേശീയ വൈസ്പ്രസിഡന്റ് നോബിൾ മാത്യു, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ദീപു ഉരുളികുന്നം, സോമൻ മുകളേൽ, കെ.ടി. സുനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.