കോനൂക്കുന്നേല്‍ ദേവസ്യാ സേവ്യറിന്റെ വിയോഗം; ഓര്‍മയായത് മികച്ച വിദ്യാഭ്യാസ-സാമൂഹ്യ പ്രവര്ത്തകന്
1466694
Tuesday, November 5, 2024 7:12 AM IST
തീക്കോയി: തീക്കോയിയിലും സമീപപ്രദേശങ്ങളിലുമുള്ള ഒരു തലമുറയ്ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്കിയ കോനൂക്കുന്നേല്‍ ദേവസ്യ സേവ്യര്‍ (കുഞ്ഞൂഞ്ഞു സാര്‍-101 ) യാത്രയായി. പ്രദേശത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് സൗകര്യങ്ങള്‍ ഇല്ലാതിരുന്ന കാലത്ത് കുട്ടികളുടെ വിദ്യാഭ്യാസത്തിനായി തീക്കോയി സെന്റ് മേരീസ് പള്ളി മുന്‍കൈയെടുത്ത് 80 വര്‍ഷം മുമ്പ് ആരംഭിച്ച കേംബ്രിഡ്ജ് സ്കൂളിലെ മൂന്ന് അധ്യാപകരില്‍ അവസാന കണ്ണിയാണ് വിട പറഞ്ഞത്.
തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയുടെ അക്കൗണ്ടന്റ് ആയി 40 വര്‍ഷത്തിലേറെ കുഞ്ഞൂഞ്ഞേട്ടന് സേവനമനുഷ്ഠിച്ചു. മക്കളും കൊച്ചുമക്കളും പേരക്കുട്ടികളുമായി നാല് തലമുറയുടെ സ്നേഹാദരവുകള്‍ ഏറ്റുവാങ്ങിയാണ് നൂറ്റിയൊന്നാം വയസില്‍ അപ്രതീക്ഷിതമായ വേര്‍പാട്. അടുത്ത പിറന്നാള്‍ ആഘോഷിക്കാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെയാണ് ഉറ്റവരില്‍ നിന്നും അദ്ദേഹം വിട പറഞ്ഞത്.
ഒരു ദിവസം പോലും മുടങ്ങാതെ തീക്കോയി പള്ളിയില്‍ എത്തി വിശുദ്ധ കുര്‍ബാനയില്‍ പങ്കുകൊള്ളുന്നത് വര്‍ഷങ്ങളായുള്ള മുടങ്ങാത്ത ദിനചര്യയായിരുന്നു. കോവിഡ് വരെ ഈ പതിവിന് അദ്ദേഹം മുടക്കം വരുത്തിയില്ല. കാര്‍ഷിക വിളകളുടെ പരിപാലനവും മുടങ്ങാത്ത ദിനചര്യകളില്‍ ഒന്നായിരുന്നു. എല്ലാ ദിവസവും രാവിലെ പതിവായുള്ള പത്രവായന ആശുപത്രി കിടക്കയിലും മുടക്കിയില്ല.
തീക്കോയി ഇടവകയിലെ ഏറ്റവും തലമുതിര്‍ന്ന കാരണവരായിരുന്നു കുഞ്ഞൂഞ്ഞേട്ടന്. തോട്ടപ്പള്ളില്‍ കുടുംബാംഗം ഏലിക്കുട്ടിയാണ് ഭാര്യ. വിവാഹത്തിന്റെ 78-ാം വാര്‍ഷികം അടുത്ത നാളിലാണ് ആഘോഷിച്ചത്. ഒരുകാലത്ത് തീക്കോയിയുടെ സ്വപ്നമായിരുന്ന പള്ളി, സ്കൂള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ നേതൃത്വം നല്കിയ തലമുറയിലെ അവസാന കണ്ണികൂടിയാണ് വിസ്മൃതിയില്‍ മറയുന്നത്. സംസ്കാരം ഇന്ന് രാവിലെ 11ന് തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ നടക്കും.