കാടും കുണ്ടും കുഴിയുമായി ശബരിമല കാനനപാതയിലെ കാളകെട്ടി
1466704
Tuesday, November 5, 2024 7:12 AM IST
കണമല: ശബരിമല കാനനപാതയിലെ ഇടത്താവളമായ കാളകെട്ടി ശിവപാർവതി ക്ഷേത്രം റോഡ് തകർന്ന നിലയിൽ. കാളകെട്ടി, മൂക്കൻപെട്ടി ഉൾപ്പെടുന്ന കണമല - കോരുത്തോട് റോഡിൽ വഴിവിളക്കുകൾ പ്രകാശിക്കുന്നില്ല. ഈ റോഡിൽ ഇരുവശങ്ങളും പൊന്തക്കാടുകൾ വളർന്ന് അപകട സാധ്യതയിലാണ്.
റോഡിൽ വനപാതയിലാണ് യാത്ര കൂടുതൽ അപകട സാധ്യതയിലായിരിക്കുന്നത്. എരുമേലിയിൽ നിന്നു തീർഥാടകർ ശബരിമലയിലേക്ക് കാൽനടയായി വനത്തിലൂടെ സഞ്ചരിക്കുന്നത് കാളകെട്ടി ഇടത്താവളം വഴിയാണ്. എരുമേലിയിലെ കോയിക്കക്കാവിൽ നിന്നും ആരംഭിക്കുന്ന കാനനപാതയിലെ ആദ്യ ഇടത്താവളം കൂടിയാണ് കാളകെട്ടി ക്ഷേത്രം. വന്യമൃഗ ഭീഷണി മുൻനിർത്തി വൈകുന്നേരം അഞ്ചിന് ശേഷം രാവിലെ വരെ കാനനപാതയിൽ യാത്രയ്ക്ക് നിരോധനമുണ്ട്. അഞ്ചിന് ശേഷം എത്തുന്ന തീർഥാടകർ പിറ്റേന്ന് രാവിലെ വരെ വിരി വച്ച് വിശ്രമിക്കുന്നത് കാളകെട്ടിയിലാണ്. എന്നാൽ, ദുർഘടമായ ഈ വഴിയിലൂടെ തീർഥാടകരുടെ യാത്ര ക്ലേശകരമാകും. അടിയന്തരമായി റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും വഴിവിളക്കുകൾ പ്രകാശിപ്പിക്കണമെന്നും റോഡരികിലെ കാടുകൾ വെട്ടി മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
കാളകെട്ടി ക്ഷേത്രത്തിൽ നിന്ന് പ്രധാന റോഡിലേക്കെത്തുന്ന 300 മീറ്റർ ദൂരമുള്ള റോഡ് ടാർ ചെയ്യാൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം അനുവദിച്ചതിനെ തുടർന്ന് ടെൻഡർ നടപടികൾ പൂർത്തിയായെന്നും ടാർ ചെയ്യുന്ന ജോലികൾ വൈകാതെ നടത്തുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു. വഴിവിളക്കുകൾ പ്രകാശിപ്പിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ടെന്നും റോഡരികിലെ കാടുകൾ മരാമത്ത് വകുപ്പ് മുഖേനെ നീക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പഞ്ചായത്ത് ഭരണസമിതി പറഞ്ഞു.