കുരിശുകവല-മാളിയേക്കൽ പാലം-ആനത്താനം റോഡ് ആദ്യഘട്ട നിർമാണോദ്ഘാടനം
1466016
Sunday, November 3, 2024 4:39 AM IST
കാഞ്ഞിരപ്പള്ളി: പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ വകയിരുത്തി പതിനൊന്നാം വാർഡിൽ രണ്ടു ഘട്ടങ്ങളായി നവീകരിച്ച് നിർമിക്കുന്ന കുരിശുകവല-മാളിയേക്കൽ പാലം-ആനത്താനം റോഡിന്റെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
ദേശീയപാതയിൽനിന്നു 320 മീറ്റർ നീളത്തിലും 4.5 മീറ്റർ വീതിയിലും ഇന്റർലോക്ക് കട്ട പാകിയും റോഡിന്റെ ഇരുവശവും പൂർണമായി കോൺക്രീറ്റ് ചെയ്തുമാണ് നിർമാണം നടത്തുന്നത്. നിലവിൽ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന പഞ്ചായത്ത് ടൗൺഹാൾ, നൂറു വർഷത്തിലേറെയായി പ്രദേശത്ത് താമസിക്കുന്ന മുപ്പതോളം കുടുംബങ്ങൾ, റിവർവ്യൂ ഹൗസിംഗ് ബോർഡ് കോളനിയിലെ 40 കുടുംബങ്ങൾ, നിരവധി വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കും ഏറെ പ്രയോജനകരമാണ് ഈ റോഡ്. ആദ്യ ഘട്ടത്തിൽ 200 മീറ്റർ നീളത്തിലുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു.
കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ ആദ്യഘട്ട നിർമാണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്തംഗം പി.എ. ഷെമീർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സുനിൽ തേനംമ്മാക്കൽ, ബിജു പത്യാല, ബി.ആർ. അൻഷാദ്, സർവീസ് സഹകരണബാങ്ക് ഭരണസമിതിയംഗം ദിലീപ് ചന്ദ്രൻ, കെ.എസ്. ഷിനാസ് അബ്ദുൾ ഫത്താഹ്, ഒ.എം. ഷാജി, സെയ്ത് എം. താജു, അഷറഫ് നെല്ലിമല പുതുപ്പറമ്പിൽ, പി.എം. അജു എന്നിവർ പ്രസംഗിച്ചു.
രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ഏഴിന് ആരംഭിക്കും. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡിൽ രണ്ടാഴ്ചത്തേക്ക് ഗതാഗത നിയന്ത്രണം ഉണ്ടാകും. റോഡിന്റെ നിർമാണം പൂർത്തീകരിക്കുന്നതോടെ നിരവധി കുടുംബങ്ങൾക്കും സമീപവാസികൾക്കും ഏറെ പ്രയോജനപ്പെടുമെന്ന് പഞ്ചായത്തംഗം പി.എ. ഷെമീർ പറഞ്ഞു.