വീണ്ടും ശബരിയുടെ ചൂളംവിളി...അങ്കമാലി-എരുമേലി ശബരിപാത: നിര്‍മാണത്തിനു പുതിയ പദ്ധതി
1466466
Monday, November 4, 2024 5:57 AM IST
കോട്ടയം: അങ്കമാലി-എരുമേലി ശബരിപാത യാഥാര്‍ഥ്യമാക്കുന്നതിനു പുതിയ പദ്ധതി നിര്‍ദേശവുമായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. മഹാരാഷ്ട്ര മോഡലില്‍ പദ്ധതി യാഥാര്‍ഥ്യമാക്കാമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. ഇതിനായി കേരളസര്‍ക്കാരും റെയില്‍വേയും റിസര്‍വ് ബാങ്കും ചേര്‍ന്ന് പുതിയ പദ്ധതിയുടെ കരട് ഉടന്‍ തയാറാക്കും.
സംസ്ഥാനങ്ങളുടെ അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ ഒന്നര ലക്ഷം കോടിയാണ് ഇത്തവണ നീക്കിവച്ചിട്ടുള്ളത്. ഇതിന്റെ വിഹിതം കേരളത്തിനും ലഭ്യമാകും. 50 വര്‍ഷത്തേക്ക് പലിശരഹിത വായ്പയാണ് ലഭിക്കുന്നത്. ഈ പണം ശബരി പാതയുടെ നിര്‍മാണത്തിനായി മാറ്റിവയ്ക്കാന്‍ തീരുമാനിച്ചാല്‍ പദ്ധതി വേഗത്തില്‍ നടപ്പാക്കാനാകും.
ലഭിക്കുന്ന തുക 50 വര്‍ഷം കഴിയുമ്പോള്‍ തിരികെ അടപ്പിക്കാനുള്ള ചുമതല റിസര്‍വ് ബാങ്കിനാണ്. ഇതനുസരിച്ചുള്ള പദ്ധതിയാണ് നിലവില്‍ സജീവമായി പരിഗണിച്ചുവരുന്നത്. ഇതിനു പച്ചക്കൊടി കാണിച്ചാല്‍ കാല്‍നൂറ്റാണ്ടായി മുടങ്ങി ക്കിടക്കുന്ന ശബരി പാതയ്ക്ക് ജീവന്‍വയ്ക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ശബരി പാത യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ച കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ശബരി റെയില്‍വേ ആക്ഷന്‍ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷന് അഭിനന്ദിച്ചു. ഫെഡറേഷന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ശബരി പാതയുടെ നിര്‍മാണത്തിന് മുന്‍ഗണന നല്‍കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ക്കണ്ട് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന് ആവശ്യപ്പെട്ടിരുന്നു.
പാതയുടെ നിര്‍മാണച്ചെലവ് പങ്കിടുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തയാറാകുകയും കേന്ദ്ര റെയില്‍വേ മന്ത്രിയെ നേരില്‍ക്കണ്ട് മുഖ്യമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി പുനരുജ്ജീവിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചത്. പാത യാഥാര്‍ഥ്യമാക്കണമെന്നാവശ്യപ്പെട്ട് എംപിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിരുന്നു.
ഭാരവാഹികളായ ഡിജോ കാപ്പന്, ബാബു പോള്‍ എക്സ് എംഎല്‍എ, ജിജോ പനച്ചിനാനി, എസ്. പദ്മകുമാര്‍, പി.എം. ഇസ്മായില്‍, എം. എസ്. കുമാര്‍, ഇ.എ. റഹിം, എം.എസ്. സമദ്, ടി. ആര്. സോമന്, കെ.എം. ബാബു, ജോയി മൈക്കിള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.