കുടിവെള്ളം ലഭിക്കാതെ അഞ്ചു കുടുംബങ്ങള്‍ ദുരിതത്തില്‍
1466233
Sunday, November 3, 2024 7:19 AM IST
കോട്ടയം: വാട്ടര്‍ അഥോറിട്ടിയുടെ കുടിവെള്ളം ലഭിക്കാതെ അഞ്ചു കുടുംബങ്ങള്‍ ദുരിതത്തില്‍. നഗരസഭയുടെ 28-ാം വാര്‍ഡിലുള്ള മാളികപ്പീടിക നഴ്സറി സ്കൂളിനു സമീപമുള്ള അഞ്ചു കുടുംബങ്ങളാണ് കഴിഞ്ഞ ഒരുമാസമായി വാട്ടര്‍ അഥോറിട്ടിയുടെ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. അല്പം പൊക്ക പ്രദേശത്തുള്ള ഈ വീട് ഒഴികെയുള്ള മറ്റു വീടുകളില്ലെല്ലാം പതിവായി വാട്ടര്‍ അഥോറിട്ടിയുടെ വെള്ളം ലഭിക്കുന്നുമുണ്ട്. പരാതി പറയുമ്പോള്‍ അല്പസമയം കുടിവെള്ളം ലഭിക്കുമെങ്കില്‍ ഫോഴ്സ് ഉണ്ടായിരിക്കില്ല. കുറച്ചു സമയത്തിനുശേഷം പീന്നിട് വെള്ളം ലഭിക്കുകയില്ല.
കഴിഞ്ഞ ഒരു മാസമായി ഇവര്‍ വെള്ളം വിലയ്ക്കു വാങ്ങിയാണ് ഉപയോഗിക്കുന്നത്. 1,000 ലിറ്ററിനു 400 രൂപ വീതം നല്‍കിയാണ് വെള്ളം വാങ്ങുന്നത്. കഴിഞ്ഞ ഫെബ്രുവരിവരെ ഇവര്‍ക്കു കൃത്യമായി വാട്ടര്‍ അഥോറിട്ടിയുടെ വെള്ളം ലഭിച്ചിരുന്നു. തുടര്‍ന്നു പൈപ്പില്‍ അറ്റകുറ്റപ്പണി നടത്തുന്നതിന്റെ കുറച്ചു ദിവസത്തേക്കു വെള്ളം മുടങ്ങിയിരുന്നു.
തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. ആദ്യം വെള്ളം ലഭിക്കാതെ വന്നതോടെ ഇവര്‍ വാട്ടര്‍ അഥോറിട്ടി ഓഫീസില്‍ എത്തി പരാതി നല്‍കിയതോടെ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും തകരാര്‍ പരിഹരിക്കുകയും ചെയ്തു. പീന്നിട് പലപ്പോഴായി വെള്ളം മുടങ്ങുകയായിരുന്നു. വെള്ളം ലഭിക്കാതെ വരുമ്പോള്‍ ഇവര്‍ പരാതിയുമായി ഓഫീസില്‍ എത്തും. പീന്നിട് ഉദ്യോഗസ്ഥര്‍ എത്തി വെള്ളം ഉടന്‍ വരുമെന്നു പറഞ്ഞു മടങ്ങും. വെള്ളം ലഭിച്ചാലും ആവശ്യത്തിനു ഫോഴ്സില്ലാത്തതിനാല് മണിക്കൂറുകള്‍ എടുത്താണ് ഒരു ബക്കറ്റ് വെള്ളം ലഭിക്കുന്നത്.
കഴിഞ്ഞ ഒരു മാസമായി ഒരു തവണപോലും ഈ അഞ്ചു കുടുംബങ്ങള്‍ക്കു വെള്ളം ലഭിച്ചിട്ടില്ല. ഇപ്പോള്‍ ഇവരുടെ പരാതി വാട്ടര്‍ അഥോറിട്ടി അധികൃതര്‍ അവഗണിക്കുന്നതായും കുടുംബങ്ങള്‍ പരാതിപ്പെടുന്നു. കനത്ത മഴക്കാലത്തും വെള്ളമില്ലെന്നു പരാതി പറയുമ്പോഴും വെള്ളത്തിനു കുറവുണ്ടെന്നാണ് അധികൃതര്‍ നല്കുന്ന മറുപടി. പ്രദേശത്തെ വിവിധ സ്ഥലങ്ങള്‍ കുടിവെള്ളം പാഴായിപ്പോകുന്നുമുണ്ട്. അടിയന്തരമായി കുടിവെള്ളം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നു കുടുംബങ്ങള്‍ ആവശ്യപ്പെട്ടു.