മോഷണവും മോഷണശ്രമങ്ങളും വര്‍ധിക്കുന്നു : തസ്കര ഭീതിയിൽ നാട്
1466226
Sunday, November 3, 2024 7:19 AM IST
കോട്ടയം: കുമാരനല്ലൂര്‍, അടിച്ചിറ, സംക്രാന്തി, ഏറ്റുമാനൂര്‍ പ്രദേശങ്ങളില്‍ മോഷണവും മോഷണശ്രമങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ഭീതിയില്‍. കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ ഇവിടങ്ങളില്‍ നിരവധി മോഷണങ്ങളും മോഷണ ശ്രമങ്ങളുമുണ്ടായി. സന്ധ്യകഴിഞ്ഞാല്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ വീടിനു പുറത്തിറങ്ങാന്‍ ഭയപ്പെടുകയാണ്.
കഴിഞ്ഞ ദിവസം രാത്രിയില്‍ കുമാരനല്ലൂര്‍ ക്ഷേത്രത്തിനു സമീപമാണ് അവസാന മോഷണം നടന്നത്. കിഴക്കേനടയിലെ എന്‍എസ്എസ് കരയോഗത്തിനു സമീപമുള്ള രാധാമൃതത്തില് രാധാകൃഷ്ണക്കുറുപ്പിന്റെ വീട്ടിലാണ് അവസാന മോഷണം. ഇദ്ദേഹവും ഭാര്യയും രാത്രികാലങ്ങളില്‍ ഇലവനാട്ട് ക്ഷേത്രത്തിനു സമീപമുള്ള മകന്റെ വീട്ടിലാണു താമസിക്കുന്നത്. പുലര്‍ച്ചെ നാലോടെ രാധാകൃഷ്ണക്കുറുപ്പ് ക്ഷേത്രദര്‍ശനത്തിനായി എത്തും. പിന്നീട് ആറോടെ ഭാര്യയും വീട്ടിലെത്തും.
പതിവുപോലെ ഇവര്‍ വീട്ടിലെത്തുമ്പോള്‍ മുറികളില്‍ ലൈറ്റുകള്‍ തെളിഞ്ഞു കിടക്കുന്നതു കണ്ടു. ഇതോടെ വീടിനുള്ളില്‍ കയറിപ്പോഴാണു മോഷണം നടന്നതായി ബോധ്യപ്പെട്ടത്. കുമാരനല്ലൂര്‍ ദേവീക്ഷേത്രത്തില്‍ ഉത്സവകാലമായതോടെ ജനങ്ങള്‍ വീടുകളില്‍നിന്നു പുറത്തിറങ്ങാന്‍ മടിക്കുകയാണ്.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയില്‍ അടിച്ചിറയില്‍ പുല്ലത്തില്‍ രാജു പി. ജോര്‍ജിന്റെ വീട്ടിലും മോഷണം നടന്നു. ഇവിടെനിന്നു നാലു പവന് സ്വര്‍ണാഭരണങ്ങളാണു കവര്‍ന്നത്. രാജുവും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു കവര്‍ച്ച ചെയ്തത്.
പിറ്റേന്നു രാവിലെ ആറോടെ ഷേര്‍ളി ഉണര്‍ന്നപ്പോള്‍ മുറിയില്‍ തുണികള്‍ അലങ്കോലമായി കിടക്കുന്നതു കണ്ടു നടത്തിയ പരിശോധനയിലാണു മോഷണവിവരമറിയുന്നത്. മുറിയിലുണ്ടായിരുന്ന രണ്ട് അലമാരയും കുത്തിത്തുറന്നു വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മറ്റുമുറികളിലെ അലമാരയും മേശയും തുറന്നിട്ടിരുന്നു. ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ അടുക്കളയില്‍ തുറന്നുകിടന്നിരുന്നു.
പ്രധാനമുറിയിലെ ഈശോയുടെ രൂപത്തിനു മുന്നിലുണ്ടായിരുന്ന ബള്‍ബ് ഊരിമാറ്റി അടുക്കളയില്‍ ഉപേക്ഷിച്ചിരുന്നു. ഇവരുടെ വീടിന്റെ പിന്‍ഭാഗത്തെ വര്‍ക്ക് ഏരിയയുടെ വാതില്‍ തുറന്ന് അടുക്കളയിലേക്കുള്ള വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്.
പരിശോധനയ്ക്കെത്തിയ പോലീസ് നായ വീട്ടില്‍നിന്നു പിന്‍വാതില്‍ വഴി ഇറങ്ങി ഓടി എംസി റോഡിനു സമീപം വരെ എത്തി. ഇവിടങ്ങളിലെല്ലാം രാപകല്‍ വ്യത്യാസമില്ലാതെ അപരിചിതരായ നിരവധിപ്പേരുടെ സാന്നിധ്യമുണ്ടെന്നു നാട്ടുകാര്‍ പറയുന്നു. പോലീസ് രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.