വൈക്കം വടക്കേനടയിൽ വാട്ടർ അഥോറിറ്റിയുടെ സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നു
1466250
Sunday, November 3, 2024 7:29 AM IST
വൈക്കം: വൈക്കം മഹാദേവക്ഷേത്രത്തിന്റെ വടക്കേനടയിൽ പൊതുമരാമത്ത് വകുപ്പ് ഓഫീസിന് സമീപം വാട്ടർ അഥോറിറ്റിയുടെ സ്ഥലത്ത് മാലിന്യം കുന്നുകൂടുന്നത് വഴിയാത്രക്കാർക്കും ക്ഷേത്ര ദർശനത്തിനെത്തുന്നവർക്കും ദുരിതമാകുന്നു.
വിവിധ കച്ചവട സ്ഥാപനങ്ങളിൽനിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിക്കപ്പെടുന്നത്. കിറ്റുകളിൽ നിക്ഷേപിക്കപ്പെടുന്ന ഭക്ഷണാവശിഷ്ടങ്ങൾ തെരുവുനായ്ക്കൾ കടിച്ചുകൊണ്ടുവന്നും കാക്കകൾ കൊത്തിവലിച്ചും റോഡിലേക്കിടുന്നത് ഭക്തജനങ്ങൾക്ക് വലിയ അസൗകര്യമാണുണ്ടാക്കുന്നത്.
ഈ സ്ഥലം അഷ്ടമി വഴിവാണിഭത്തിന് വിട്ടുകൊടുക്കേണ്ടതാണ്. ഇവിടെ മാലിന്യങ്ങൾ നിറയുന്നതിനെത്തുടർന്ന് ദുർഗന്ധം വമിക്കുന്നത് ഭക്തജനങ്ങൾക്കും നാട്ടുകാർക്കുമുണ്ടാകുന്ന ദുരിതം മനസിലാക്കി മാലിന്യം നിക്ഷേപിക്കുന്നവർ അതിൽനിന്ന് പിന്മാറണമെന്ന് വാട്ടർ അഥോറിറ്റി വൈക്കം സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ പി. ഷാജിമോൻ അറിയിച്ചു.