ടൈലുകള്‍ ഇളകി മാറി : നഗരത്തിലെ നടപ്പാതകളിലെ സഞ്ചാരം അപകടകരം: താലൂക്ക് വികസനസമിതിനഗരത്തിലെ നടപ്പാതകളിലെ സഞ്ചാരം അപകടകരം: താലൂക്ക് വികസനസമിതി
1466253
Sunday, November 3, 2024 7:29 AM IST
ചങ്ങനാശേരി: ടൈലുകള്‍ ഇളകിമാറി യാത്രക്കാര്‍ കാല്‍വഴുതി വീഴുന്നു. എന്‍എച്ച് 183 (എംസി) റോഡിന്റെ വശങ്ങളിലെ നടപ്പാതകളിലൂടെയുള്ള കാല്‍നട സഞ്ചാരം അപകടകരമെന്ന് ചങ്ങനാശേരി താലൂക്ക് വികസനസമിതിയോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.
ജനറല്‍ ആശുപത്രിയിലേക്കുള്ള റോഡിന്റെ ശോച്യാവസ്ഥയ്ക്ക് വേഗത്തില്‍ പരിഹാരം കാണണമെന്നും തൃക്കൊടിത്തണം പഞ്ചായത്തിലെ അങ്കണവാടികളില്‍ ഭക്ഷണയോഗ്യമല്ലാത്ത ഉത്പന്നങ്ങള്‍ വിതരണം ചെയ്തതായും അംഗങ്ങള്‍ ആരോപിച്ചു. നഗരത്തിലെ നിരവധി വഴിവിളക്കുകള്‍ തെളിയുന്നില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.
ജോബ് മൈക്കിള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജനറല്‍ ആശുപത്രി റോഡിന്റെ ബിഎംആന്‍ഡ്ബിസി നിലവാരത്തിലുള്ള നിര്‍മാണം മഴക്കുശേഷം ആരംഭിക്കുമെന്നും പൂവം ഭാഗത്തേക്ക് അടിയന്തരമായി ബസ് സര്‍വീസ് ആരംഭിക്കണമെന്നും എംഎല്‍എ അധികൃതര്‍ക്ക് നിര്‍ദേശം നല്കി.
തെങ്ങണ മുതല്‍ മാമ്മൂട് വരെയുള്ള ഫുട്പാത്തിലെ കാടുവെട്ടിത്തെളിക്കാന്‍ റണ്ണിംഗ് കോണ്‍ട്രാക്ട് നല്‍കിയതായി പിഡബ്ല്യുഡി അറിയിച്ചു. റെയില്‍വേ സ്റ്റേഷന് ബൈപാസില്‍ ഫ്രീ ലെഫ്റ്റ് നടപ്പാക്കാന്‍ ഡിവൈഎസ്പി, പിഡബ്ല്യുഡി അധികൃതര്‍ എന്നിവര്‍ക്ക് യോഗം നിര്‍ദേശം നല്കി.
പെരുന്ന സ്റ്റാന്‍ഡില്‍ പുതിയതായി നിര്‍മിച്ച ടേക്ക് എ ബ്രേക്ക് ഈമാസം അവസാനം തുറന്നു കൊടുക്കുമെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. അളവ്തൂക്ക പരിശോധനകള്‍ കര്‍ശനമാക്കാന്‍ ലീഗല്‍ മെട്രോളജിക്കു യോഗം നിര്‍ദേശം നല്കി.
എം.ആര്. രഘുദാസ്, മാത്തുക്കുട്ടി പ്ലാത്താനം, ലിനു ജോബ്, ജോസി കല്ലുകളം, അഷറഫ് ഷൈനു, പി.ആര്. ഗോപാലകൃഷ്ണന്, തഹസീല്‍ദാര്‍ നിജു കുര്യന്, ജോയിന്റ് ആര്‍ടിഒ, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പ്രസീത എന്നിവര്‍പ്രസംഗിച്ചു.