ടോറസ് ഓട്ടം: മാനത്തൂര്‍-കരിങ്കുന്നം റോഡ് തകര്‍ന്നു
1432194
Friday, June 28, 2024 10:18 PM IST
രാമപുരം: ടോറസ് ലോറികളുടെ അമിതമായ ഓട്ടംമൂലം മലയോര ഹൈവേയുടെ പാരലല്‍ റോഡായ മാനത്തൂര്‍-മണിയാക്കുപാറ-കരിങ്കുന്നം റോഡ് തകര്‍ന്നു. സമീപത്ത് പാറഖനനം നടത്തുന്നിടത്തുനിന്ന് അമിത ലോഡുമായി ടോറസ് ലോറികള്‍ ഓടുന്നതാണ് റോഡ് തകരാന്‍ കാരണം.
നൂറുകണക്കിനു കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയിൽ സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള യാത്രക്കാര്‍ ഭയത്തോടെയാണ് യാത്രചെയ്യുന്നത്. പലയിടങ്ങളിലും മണ്ണും ചെളിയും ഒന്നിച്ചുകുഴഞ്ഞ് നടക്കാന്‍പോലും സാധിക്കാത്ത രീതിയിലാണുള്ളത്. കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്റെ ശ്രമഫലമായി വര്‍ഷങ്ങള്‍ക്കുമുന്‍പ് പഞ്ചായത്ത് റോഡായി തകര്ന്നുകിടന്നതു വീതികൂട്ടി നബാഡിന്റെ ഫണ്ടില്‍പ്പെടുത്തി ഒരു കോടി ചെലവഴിച്ച് പണി പൂര്‍ത്തീകരിച്ചതാണ് ഈ റോഡ്. പിന്നീട് മുന്‍ മന്ത്രി കെ.എം. മാണിയുടെ വണ്‍ടൈം സെറ്റില്മെന്റില്പ്പെടുത്തി റീ ടാറിംഗ് നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ മേലുകാവ് പിഡബ്ല്യുഡിയുടെ കീഴിലാണ് ഈ റോഡുള്ളത്.
കടനാട്, കരിങ്കുന്നം പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശത്ത് കരിങ്കുന്നം പഞ്ചായത്തിലാണ് പാറമട പ്രവര്‍ത്തിക്കുന്നത്. കടനാട് പഞ്ചായത്ത് കോട്ടയം ജില്ലയിലും കരിങ്കുന്നം പഞ്ചായത്ത് ഇടുക്കി ജില്ലയിലുമാണുള്ളത്. കരിങ്കുന്നം ഭാഗത്തേക്കു പോകേണ്ട ടോറസ് ലോറികള്‍ മാനത്തൂര്‍ വഴിയാണു പോകുന്നത്. ഈ ഭാഗത്ത് മാനത്തൂര്‍ സെന്റ് ജോസഫ് യുപി സ്കൂള്‍ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളുണ്ട്. ടോറസ് ലോറിയുടെ അമിതമായ ഓട്ടം കാരണം പ്രദേശവാസികള്‍ കഷ്ടപ്പെടുകയാണ്.