അജാനൂർ തുറമുഖ നിർമാണം: കേന്ദ്രസംഘം നാളെയെത്തും
1513509
Wednesday, February 12, 2025 7:38 AM IST
കാഞ്ഞങ്ങാട്: നിർദിഷ്ട അജാനൂർ മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം നാളെ പരിശോധനയ്ക്കെത്തും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റൽ എൻജിനിയറിംഗിനു കീഴിൽ ബംഗളൂരുവിലും ഹൈദരാബാദിലും നിന്നുള്ള ശാസ്ത്രജ്ഞരടങ്ങിയ സംഘമാണ് പരിശോധന നടത്തുക. തുറമുഖനിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ 200 കോടി രൂപയുടെ വിശദമായ പദ്ധതിരേഖ തയാറാക്കി കേന്ദ്ര സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്. കേന്ദ്രത്തിന്റെ അനുമതിയും സഹായവും കൂടി ലഭിച്ചാൽ തുറമുഖ നിർമാണം വേഗത്തിലാക്കാനാകും.
അജാനൂരിൽ മത്സ്യബന്ധന തുറമുഖം വരുന്നതോടെ കാഞ്ഞങ്ങാട് മേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷിതമായി വള്ളങ്ങളും ബോട്ടുകളുമടുപ്പിക്കാനും കടലിലിറക്കാനും സൗകര്യമൊരുങ്ങും. നിലവിൽ ചെറുവത്തൂർ മടക്കര, കാസർഗോഡ് തളങ്കര, മഞ്ചേശ്വരം എന്നിവിടങ്ങളിൽ മാത്രമാണ് ജില്ലയിൽ മത്സ്യബന്ധന തുറമുഖങ്ങളുള്ളത്. അജാനൂരിൽ തുറമുഖം സ്ഥാപിക്കാൻ 2006ൽ തന്നെ സംസ്ഥാന സർക്കാരിന്റെ അനുമതി ലഭിച്ചിരുന്നെങ്കിലും തുടർന്നുള്ള നടപടിക്രമങ്ങൾക്ക് കാലതാമസം നേരിടുകയായിരുന്നു.
കാലവർഷത്തിൽ ചിത്താരിപ്പുഴ ഗതിമാറിയൊഴുകി ഓരോ വർഷവും കരയിടിച്ചിലും കടലേറ്റവും മത്സ്യബന്ധന യാനങ്ങൾക്ക് അപകടങ്ങളും സംഭവിക്കുന്ന സാഹചര്യത്തിലാണ് ഇവിടെ തുറമുഖം സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്. പുഴയുടെ ഗതിമാറ്റവും കടലേറ്റവും മൂലം ഇവിടെ നിലവിലുള്ള ഫിഷ്ലാൻഡിംഗ് സെന്റർ കെട്ടിടം തന്നെ അപകടഭീഷണിയിലാണ്.
ഇതിനിടെ കോട്ടിക്കുളം-ബേക്കൽ തീരത്താണ് തുറമുഖം സ്ഥാപിക്കേണ്ടതെന്ന ആവശ്യം ഉയർന്നുവന്നതാണ് അജാനൂർ തുറമുഖത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളെ പുറകോട്ടടിപ്പിച്ചത്. കോട്ടിക്കുളത്തും സമീപകാലങ്ങളിൽ പതിവായി കടലേറ്റമുണ്ടാകുന്നുണ്ട്. ഇവിടെയും ജനകീയ കമ്മിറ്റിയടക്കം രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയതോടെ സർവേയും സ്ഥലപരിശോധനയും നടന്നു. എന്നാൽ, ഇവിടെനിന്ന് കാസർഗോഡ് മത്സ്യബന്ധന തുറമുഖത്തേക്ക് അധികം ദൂരമില്ലാത്തതിനാൽ അജാനൂരിൽ തന്നെയാണ് പുതിയ തുറമുഖം സ്ഥാപിക്കേണ്ടതെന്ന തീരുമാനമാണ് ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടായത്.
അജാനൂരിൽ തുറമുഖം സ്ഥാപിച്ചാൽ കാഞ്ഞങ്ങാട് മേഖലയിൽ നിന്നുള്ളവർക്കും ബേക്കൽ ഭാഗത്തുള്ളവർക്കും അത് ഒരുപോലെ പ്രയോജനകരമാകുമെന്നും വിലയിരുത്തലുണ്ടായി. ഇനി കേന്ദ്രത്തിന്റെ പച്ചക്കൊടി കൂടി ലഭിച്ചാൽ നിർമാണപ്രവർത്തനങ്ങൾ പെട്ടെന്ന് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.