ഉന്നതികളില്‍ വികസനത്തിന്റെ പുത്തനുണര്‍വേകി അംബേദ്കര്‍ ഗ്രാമം പദ്ധതി
1512627
Monday, February 10, 2025 1:38 AM IST
കാസര്‍ഗോഡ്: അംബേദ്കര്‍ ഗ്രാമം പദ്ധതി ഗ്രാമവികസനത്തിന്റെ പുതിയ വഴികാട്ടിയായി മാറുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൗകര്യങ്ങളില്ലാതെ പിന്നാക്കം നില്ക്കുന്ന പട്ടികജാതി, പട്ടിക വര്‍ഗ ഉന്നതികളെ സംരക്ഷിക്കുകയും അവിടെ സമഗ്ര വികസനം ഉറപ്പാക്കുകയും ചെയ്യുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഓരോ നിയമസഭാ മണ്ഡലത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം അനുഭവിക്കുന്ന, 25 അല്ലെങ്കില്‍ അതിലധികം പട്ടികജാതി കുടുംബങ്ങള്‍ താമസിക്കുന്ന ഉന്നതികളെ തെരഞ്ഞെടുത്ത് അവിടത്തെ ആവശ്യങ്ങള്‍ വിലയിരുത്തി ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നുവെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.വി. രവിരാജ് പറഞ്ഞു.
കാസര്‍ഗോട് ജില്ലയില്‍ പട്ടിക ജാതി വിഭാഗക്കാരുടെ ഒന്‍പത് ഉന്നതികള്‍ പൂര്‍ണമായും, പത്ത് ഉന്നതികളുടെ പ്രവര്‍ത്തനം ഭാഗികമായും പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ ബന്തിയോട്, കജമ്പാടി, കല്ലക്കട്ട, ബാറഡുക്ക, ചായോത്ത് ചക്ലിയ, ആനിക്കാടി, രാവേണേശ്വരം, ദേവറഡുക്ക ഉജ്ജംപാടി എന്നീ ഉന്നതികളാണ് പൂര്‍ത്തീകരിച്ചത്.
പദ്ധതി നടപ്പിലാക്കുന്ന ഓരോ ഗ്രാമത്തിലും റോഡുകളുടെ നവീകരണം, കുടിവെള്ള വിതരണം, തെരുവ് ലൈറ്റുകള്‍, ഇന്റര്‍നെറ്റ് കണക്ഷന്, മാലിന്യ സംസ്കരണ സംവിധാനം, ഭവന നിര്‍മാണം, ടോയ്ലറ്റ് നിര്‍മാണം, വായനാലകള്, കളിസ്ഥലങ്ങള്‍, കിണറുകളുടെ നവീകരണം തുടങ്ങി സമഗ്ര വികസനം ലക്ഷ്യമിടുന്നു.
ഇതിന്റെ ഭാഗമായി ഗ്രാമങ്ങളിലെ പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സമൂഹത്തിലെ ഓരോ വ്യക്തിക്കും മികച്ച ജീവിതനിലവാരം ഉറപ്പാക്കാനുമാണ് ശ്രമം.
സുരക്ഷിത ഭവനം ഉറപ്പാക്കി സേഫ് പദ്ധതി
പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ നടപ്പിലാക്കിവരുന്ന ഭവനപുനരുദ്ധാരണ പദ്ധതിയാണ് സേഫ്. പട്ടികജാതി കുടുംബങ്ങള്‍ക്ക് ഭവന പൂര്‍ത്തീകരണം അല്ലെങ്കില്‍ പുനരുദ്ധാരണത്തിന് ആവശ്യമുള്ള ധനസഹായം നല്കുന്ന ഒരു പദ്ധതിയാണിത്. ഒരു ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനമുള്ള പട്ടികജാതി വിഭാഗം കുടുംബങ്ങളെ ഉള്‍പ്പെടുത്തുന്ന ഈ പദ്ധതി അഞ്ചു വര്‍ഷത്തിനുള്ളില്‍ ഭവന നിര്‍മാണം പൂര്‍ത്തിയാക്കാത്തവരെയും ഇതുവരെ ധനസഹായം ലഭിച്ചക്കാത്തവരെയും പരിഗണിക്കുന്നു. പദ്ധതിയില്‍ 50,000, 1,00,000, 50,000 എന്നി മൂന്ന് ഘട്ടങ്ങളായി ധനസഹായം നല്കുന്നു.
പട്ടികജാതി വികസനവകുപ്പിന്റെ കീഴില്‍ തന്നെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനശേഷി മെച്ചപ്പെടുത്താന്‍ അനുകൂലമായ അവസ്ഥകള്‍ ഒരുക്കുന്ന പദ്ധതിയാണ് പഠന മുറി. 800 ചതുരശ്ര അടിയിലായുള്ള വീടുകളില്‍ താമസിക്കുന്ന, അഞ്ചാംതരം മുതല്‍ 12-ാ ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് 120 ചതുരശ്ര അടിയുള്ള ഒരു പഠനമുറി രണ്ടുലക്ഷം രൂപ ധനസഹായത്തോടെ നിര്‍മിക്കുന്നത്. ഈ ധനസഹായം നാലു ഘട്ടങ്ങളായി ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യുന്നു. ഇത് വിദ്യാര്‍ഥികളുടെ പഠനം കൂടുതല്‍ സൂക്ഷ്മവും ഫലപ്രദവുമാക്കുന്നു.
ഗ്രാമവാസികള്‍ക്ക് വലിയൊരു ആശ്വാസമായി മാറുന്ന ഈ വികസന പ്രവര്‍ത്തനങ്ങള്‍ അവരുടെ ജീവിത നിലവാരത്തില്‍ വലിയ പുരോഗതിയുണ്ടാക്കുന്നു. ഈ പദ്ധതികള്‍ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ ശാസ്ത്രീയമായി ഉയര്‍ത്തിക്കൊണ്ടുവരുന്നതിന്റെ ഒരു മികച്ച മാതൃകയാണ്.